അമിതവേഗത അലങ്കാരമല്ല ; ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം (ഷോക്കിംഗ് വീഡിയോ)
കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങോം പൊന്നമ്പാറയില്‍ ബൈക്കുകള്‍ കൂട്ടി മുട്ടി ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇവിടെ. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്കാണ് ജീവന് നഷ്ടമായത്.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ പയ്യന്നൂര്‍ – ചെറുപുഴ റൂട്ടില്‍ പൊന്നമ്പാറ വച്ചായായിരുന്നു അപകടം. പാടിയോട്ടുചാല്‍ കരിപ്പോട് സ്വദേശി അഖിലേഷ് (22), പെരിങ്ങോം സ്വദേശി രാഹുല്‍ രമേശ് (22) എന്നിവരാണ് മരിച്ചത്. ഇരുവശങ്ങളില്‍ നിന്നും വന്ന രാഹുല്‍ ഓടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും അഖിലേഷിന്റെ ബജാജ് പള്‍സറുമാണ് പരസ്പരം കൂട്ടിയിടിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൂട്ടിയിടിയില്‍ ഇരു ബൈക്കുകളും പൂര്‍ണമായും തകര്‍ന്നു.
അമിത വേഗതയിലായിരുന്നു രണ്ട് ബൈക്കുകളുമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇതിനെ ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സമീപത്തെ വ്യാപാരസ്ഥാപനത്തിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ചീറിപ്പാഞ്ഞെത്തുന്ന ബൈക്കുകള്‍ നേര്‍ക്കു നേരെ കൂട്ടിയിടിക്കുന്നത് വ്യക്തമായി കാണാം. യാത്രികര്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
സംസ്ഥാനത്ത് ഒരു ദിവസം ഏകദേശം നൂറോളം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അപകടങ്ങളില്‍പ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേര് നിത്യേന നിരത്തുകളില്‍ കൊല്ലപ്പെടുന്നു. ഇതില്‍ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.