ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ചു
ഇന്ത്യന്‍ ഫുട്ബോളിന്റെ മലയാളി പ്രതിരോധനിര താരം അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ തോല്‍വിക്കു പിന്നാലെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ അനസ്, തിങ്കളാഴ്ച ബഹ്റൈനെതിരെ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ത്തന്നെ പരുക്കേറ്റു പുറത്തായിരുന്നു. മല്‍സരം തോറ്റ ഇന്ത്യ ടൂര്‍ണമെന്റിനു പുറത്താവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇത്തരമൊരു തീരുമാനെമെടുക്കാന്‍ വളരെ പ്രയാസമാണെന്നും ഇനിയും ഒരുപാട് വര്‍ഷം കളിക്കാന്‍ എനിക്ക് ഇഷ്ടമേയുള്ളൂ. പക്ഷേ ഇതാണ് വിടവാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്നും അനസ് ട്വിറ്ററിലൂടെ പറഞ്ഞു. അനസിന്റെ 11 കൊല്ലത്തെ രാജ്യാന്തര കരിയറാണ് ഇതോടെ അവസാനിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് രാജ്യത്തിനായി കളിക്കാനായതെന്നും അനസ് പറഞ്ഞു.
പുതിയ താരങ്ങള്‍ക്ക് ദേശീയ ടീമിലേയ്ക്ക് വഴിയൊരുക്കാനാണ് വേദനയോടെ ഹൃദയഭേദകമായ ഈ തീരുമാനം എടുക്കുന്നതെന്ന് അനസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.