കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊണ്ടാണ് പിണറായി സംസാരിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്. 2020 ല്‍ ജലപാത പൂര്‍ണ്ണതയിലത്തിക്കും. കൊല്ലം ദേശീയ പാത ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലെ പ്രഭാഷണത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
അതിനിടയിലാണ് സദസ്സില്‍ നിന്ന് വലിയ തോതിലുള്ള മുദ്രാവാക്യം വിളികളും മറ്റും ഉയര്‍ന്നത്. ഇതോടെ മുഖ്യമന്ത്രി അല്‍പ്പം രോഷത്തോടെ അച്ചടക്കം പാലിക്കണം എന്ന് താക്കീത് ചെയ്തു. വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ പിണറായി അച്ചടക്കം പാലിക്കണമെന്നും ആവശ്യപ്പെട്ടു.