ശബരിമല ; വിശ്വാസികൾക്കൊപ്പം ബിജെപി മാത്രം എന്ന് നരേന്ദ്ര മോദി
ശബരിമല യുവതീപ്രവേശനവിഷയത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് നരേന്ദ മോദി. വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്ന ഒരേയൊരു പാര്‍ട്ടി ബി ജെ പിയാണ് എന്ന് മോദി വ്യക്തമാക്കി. കൊല്ലം പീരങ്കിമൈതാനത്തെ എന്‍ഡിഎ മഹാസമ്മേളനത്തിലാണ് മോദിയുടെ നിലപാട് വ്യക്തമാക്കിയത്.
”ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്നത് ശബരിമലയെക്കുറിച്ചാണ്. ചരിത്രത്തിലിടം പിടിക്കാന്‍ പോകുന്ന സമരമാണ് ശബരിമലയിലേത്. കേരളത്തിന്റെ ആദ്ധ്യാത്മികതയുടെയും ചരിത്രത്തിന്റെയും അടയാളമാണ് ശബരിമല. അവിടത്തെ യുവതീപ്രവേശനവിഷയത്തില്‍ എല്‍ഡിഎഫ് എടുത്ത നിലപാട് ഏറ്റവും മോശം നിലപാടായി ചരിത്രം രേഖപ്പെടുത്തും.
ഇന്ത്യയുടെ സംസ്‌കാരത്തെയും ആദ്ധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല എല്‍ഡിഎഫുകാര്‍. അവര്‍ പക്ഷേ, ശബരിമല വിഷയത്തില്‍ ഇത്ര മോശം നിലപാടെടുക്കുമെന്ന് കരുതിയിരുന്നില്ല.”
കോണ്‍ഗ്രസിനാകട്ടെ ഈ വിഷയത്തില്‍ ഇതുവരെ ഒരു നിലപാടില്ല. പാര്‍ലമെന്റില്‍ ഒരു നിലപാടെടുക്കുന്ന കോണ്‍ഗ്രസ് കേരളത്തിലെ പത്തനംതിട്ടയില്‍ മറ്റൊരു നിലപാടാണ് എടുക്കുന്നത്. നിങ്ങളുടെ ഇരട്ടത്താപ്പും ഓരോ ദിവസവുമെടുക്കുന്ന നിലപാടുകളും എല്ലാവര്‍ക്കുമറിയാം.
ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വളരെ കൃത്യമാണ്. അത് കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയില്‍ ഭക്തരുടെ ഒപ്പം നിന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. അത് സൗകര്യത്തിനനുസരിച്ച് മാറുന്നതല്ല, ഉറച്ചതാണ്.
ഇടതും കോണ്‍ഗ്രസും ലിംഗനീതി, സാമൂഹ്യനീതി – എന്നെല്ലാം പറഞ്ഞേക്കാം. പക്ഷേ അവരുടെ പ്രവൃത്തികള്‍ അതിനെല്ലാം വിഭിന്നമാണ്. മുത്തലാഖിനെതിരാണ് സിപിഎമ്മും കോണ്‍ഗ്രസും. ലിംഗനീതിയ്‌ക്കെതിരാണ് മുത്തലാഖ് എന്ന കാര്യത്തില്‍ സംശയമുണ്ടോ?
നിരവധി ഇസ്ലാമിക രാഷ്ട്രങ്ങള്‍ നിരോധിച്ച മുത്തലാഖ് എന്തിനാണ് നമ്മുടെ രാജ്യത്ത്? മുത്തലാഖിനെതിരായ ബില്ല് കൊണ്ടുവന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അതിനെ എതിര്‍ത്തു. വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം.
കുറച്ചു ദിവസം മുന്‍പ് സാമ്പത്തിക സംവരണനിയമം സര്‍ക്കാര്‍ കൊണ്ടുവന്നു. ഏത് ജാതിമതങ്ങളിലുള്ളവര്‍ക്കും ഒരേ അവസരം വേണം, തുല്യനീതി വേണം എന്നതാണ് സര്‍ക്കാര്‍ നയം. സാമ്പത്തികസംവരണബില്ല് ചരിത്രഭൂരിപക്ഷത്തോടെ പാസ്സായി. അതിനെ ഏത് പാര്‍ട്ടിയാണ് എതിര്‍ത്തത് എന്നറിയാമോ? മുസ്ലീംലീഗ്. യുഡിഎഫ് സഖ്യകക്ഷി. കോണ്‍ഗ്രസ് അതിനെ അനുകൂലിക്കുന്നോ? നിലപാട് വ്യക്തമാക്കണം.
കേരളത്തിന്റെ ശാന്തി നശിപ്പിച്ചത് ഭരണം മാറിമാറി കൈയാളുന്ന ഇരുമുന്നണികളുമാണ്. കേരളത്തെ വര്‍ഗീയതയുടെയും അഴിമതിയുടെയും കേന്ദ്രമാക്കിയത് എല്‍ഡിഎഫും യുഡിഎഫുമാണ്. കേന്ദ്രസര്‍ക്കാര്‍ കേരളജനതയുടെ ക്ഷേമം മുന്നില്‍ക്കണ്ട് ജോലി ചെയ്യുകയാണ് എന്നും മോദി പറഞ്ഞു.