കൊച്ചി വഴിയുള്ള മനുഷ്യക്കടത്ത്: ഓസ്ട്രേലിയയിലേക്ക് കടന്നവരുടെ ദൃശ്യങ്ങൾ പുറത്ത്

കൊച്ചി വഴി ബോട്ടുകളില്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചെറായിയിലെ ഒരു സ്വകാര്യറിസോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ മാസം അഞ്ചാം തീയതിയാണ് ഇവര്‍ ചെറായിയിലെ റിസോര്‍ട്ടില്‍ എത്തിയത്. ഒരാഴ്ച ഇവര്‍ റിസോര്‍ട്ടില്‍ താമസിച്ചു. റിസോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത് വ്യാജമേല്‍വിലാസമാണ്.

മുനമ്പം വഴി ഇവരെ കടത്തിയ ബോട്ട് വാങ്ങിയ രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീകാന്തന്‍, സെല്‍വം എന്നിവരാണ് ബോട്ട് വാങ്ങിയതെന്നാണ് പൊലീസിന് വിവരം കിട്ടിയിരിക്കുന്നത്. കുളച്ചല്‍ സ്വദേശിയാണ് ശ്രീകാന്തന്‍. സെല്‍വം ഏത് നാട്ടുകാരനാണെന്ന വിവരം പൊലീസിന് കിട്ടിയിട്ടില്ല. തിരുവനന്തപുരം സ്വദേശി അനില്‍കുമാറില്‍ നിന്നാണ് ഇവര്‍ ബോട്ട് വാങ്ങിയത്.

ഒരു കോടി രണ്ട് ലക്ഷം രൂപ നല്‍കിയാണ് ഇവര്‍ അനില്‍കുമാറില്‍ നിന്ന് ബോട്ട് വാങ്ങിയത്. ഒന്നില്‍ കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയില്‍ നിന്ന് പോയെന്നും വിവരമുണ്ട്. കഴിഞ്ഞയാഴ്ച ശ്രീകാന്തന്‍ കൊടുങ്ങല്ലൂരെത്തിയിരുന്നു. ഇവിടുത്തെ ഒരു ലോഡ്ജിലാണ് ഇയാള്‍ താമസിച്ചത്. കാര്യങ്ങള്‍ ഏകോപിപ്പിച്ചതും ശ്രീകാന്തന്‍ ആണെന്നാണ് സൂചന. ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലവില്‍ പ്രവര്‍ത്തന രഹിതമാണ്.

രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മല്‍സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്‌ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയാണ് ഈ ദ്വീപ്.

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാപുകളില്‍ കഴിയുന്നവരാണ് ജയമാതാ എന്ന പേരുള്ള ബോട്ടില്‍ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേര്‍ മുമ്പും കൊച്ചി വഴി സമാനരീതിയില്‍ ഓസ്‌ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം. തമിഴ്‌നാട്ടിലെ ഈ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന രാജ്യാന്തര റാക്കറ്റുതന്നെയാണ് മുനമ്പത്ത് എത്തിയതെന്നും കരുതുന്നു.

ഓസ്‌ട്രേലിയയിലേക്ക് ആളുകളെ കടത്തിയെന്ന് സംശയിക്കുന്ന ശ്രീകാന്തന്‍ തിരുവനന്തപുരത്തെ വെങ്ങാനൂര്‍ പരുത്തിവിളയിലാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസിന് വിവരം കിട്ടി. രണ്ട് വര്‍ഷമായി ഇയാള്‍ ഇവിടെ താമസിക്കുകയായിരുന്നു. നെല്ലിമൂടുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇയാള്‍ ഭൂമി വാങ്ങിയിട്ടുണ്ട്.

എന്നും വീട്ടില്‍ വരാറില്ലെന്നും, വല്ലപ്പോഴും വന്ന് താമസിക്കുകയാണ് പതിവെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുറച്ചുദിവസം മുന്‍പ് തമിഴ് സംസാരിക്കുന്ന ചിലര്‍ വീട്ടില്‍ വന്നിരുന്നെന്നും ഇപ്പോള്‍ കുറച്ചുദിവസമായി വീട് അടഞ്ഞുകിടക്കുകയാണെന്നും അയല്‍വാസികള്‍ പറയുന്നു.