കര്‍ണ്ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കൈമാറി . എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരാണ് ഇവര്‍.

ഇവര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തത്കാലം ഇരുവരും പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിന് ഭീഷണിയാവില്ല. നേരത്തെ, കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സഖ്യ സര്‍ക്കാരിനോട് എതിരഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളെ പാളയത്തിലെത്തിച്ചാണ് സര്‍ക്കാരിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി നടപ്പാക്കിയതെന്നാണ് വിവരം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മത്സരിച്ചാല്‍ അത് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കും.

കര്‍ണാടകയില്‍ പരമാവധി സീറ്റുകള്‍ സ്വന്തമാക്കേണ്ടത് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുന്നതിന് പാര്‍ട്ടിക്ക് നിര്‍ണായകമാണ്. സംസ്ഥാന ഭരണം കയ്യില്‍ ഉണ്ടെങ്കില്‍ അത് എളുപ്പമാണെന്ന് കണക്കുക്കൂട്ടലാണ് ബിജെപി ദേശീയ നേതൃത്വത്തിനുള്ളത്. ഇതോടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്.