കെ എസ് ആര്‍ ടി സി പണിമുടക്ക് പിന്‍വലിച്ചു

ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.

സമരസമിതി ഉന്നയിച്ച എല്ലാ ആവശ്യങ്ങള്‍ക്കും പരിഹാരം കാണുമെന്ന ഉറപ്പിന്‍മേലാണ് സമരം പിന്‍വലിച്ചത്. ശമ്പള പരിഷ്‌കരണവും ടിഎ കുടിശ്ശികയും അടക്കമുള്ള ആവശ്യങ്ങളായിരുന്നു സമരക്കാര്‍ ഉന്നയിച്ചിരുന്നത്. ഡ്യൂട്ടി സംവിധാനത്തിലെ ന്യൂനത പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി.

പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ സംരക്ഷിക്കണെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ പരിഗണന നല്‍കിയതിനാലാണ് പണിമുടക്ക് മാറ്റി വെക്കുന്നതും സമരസമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നേരത്തെ സമരം നടത്തുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.