ശമ്പളമില്ലാതെ വലഞ്ഞ ഇന്ത്യക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്‌പോണ്‍സര്‍ ഏഴു മാസത്തോളം ശമ്പളം നല്‍കാത്തതിനാല്‍ ദുരിതത്തിലായ ഇന്ത്യക്കാരിയായ ഹൌസ്‌മെയ്ഡ്, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച്, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
മുംബൈ സ്വദേശിനിയായ ഫര്‍സാന പട്ടേല്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൗദി അറേബ്യയിലെ ഹഫര്‍ബത്തില്‍ ഒരു സൗദിയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. വെക്കേഷന്‍ പോലും പോകാതെ, മൂന്നുവര്‍ഷം ജോലി ചെയ്തെങ്കിലും, ശമ്പളം കൃത്യമായി കിട്ടിയിരുന്നില്ല. ഇക്കാരണത്താല്‍ പലപ്പോഴും വഴക്കിടേണ്ടി വന്നിട്ടും പ്രയോജനം ഉണ്ടായില്ല. ഏഴുമാസത്തിലധികം ശമ്പളം കുടിശ്ശികയായപ്പോള്‍, ഫര്‍സാന ആ വീട് വിട്ടിറങ്ങി, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കി.
അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ഫര്‍സാന തന്റെ അവസ്ഥ വിവരിച്ചു കൊടുത്ത്, നാട്ടിലേയ്ക്ക് പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ ഫര്‍സാനയുടെ സ്പോണ്‍സറെ നേരിട്ട് വിളിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ആദ്യമൊന്നും സഹകരിയ്ക്കാതിരുന്ന സ്‌പോണ്‍സര്‍ക്ക്, മഞ്ജുവിന്റെ നിരന്തരമായ അഭ്യര്‍ത്ഥനകളെത്തുടര്‍ന്ന് മനസ്സുമാറി. ഒത്തുതീര്‍പ്പ് അനുസരിച്ച്, കുടിശ്ശികയായ ഏഴു മാസത്തെ ശമ്പളവും, ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ടും സ്‌പോണ്‍സര്‍ മഞ്ജുവിന് കൈമാറി.
മഞ്ജുവിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പഞ്ചാബി സാമൂഹ്യപ്രവര്‍ത്തകനായ ലോവല്‍ വാഡന്‍ ഫര്‍സാനയ്ക്ക് വിമാനടിക്കറ്റ് നല്‍കി.
നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞു ഫര്‍സാന നാട്ടിലേയ്ക്ക് മടങ്ങി.