മനുഷ്യക്കടത്ത്: മുനമ്പത്തുനിന്ന് ന്യൂസിലന്‍ഡിലേക്ക് കടന്നത് 230 പേർ
മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. മുനമ്പത്തുനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 230 പേർ ന്യൂസീലൻഡിലേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. മനുഷ്യക്കടത്തിലെ പ്രധാനി തമിഴ്‌നാട് തിരുവാളൂർ സ്വദേശിയും കോവളം വേങ്ങാനൂരിൽ താമസക്കാരനുമായ ശ്രീകാന്ത്, മറ്റൊരു കണ്ണിയായ ഡൽഹി സ്വദേശി രവീന്ദ്രൻ എന്നിവരും ന്യൂസീലൻഡിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു.
കുടിയേറാന്‍ കുടുംബമായെത്തിയവരിൽ എല്ലാവർക്കും പോകാൻ കഴിഞ്ഞിട്ടില്ല. ചിലരുടെ ഭാര്യമാർക്ക് പോകാൻ കഴിഞ്ഞപ്പോൾ ഭർത്താക്കന്മാർക്ക് പോകാൻ കഴിഞ്ഞില്ല. അതുപോലെ പലരുടെയും കുട്ടികൾക്കും പോകാൻ കഴിഞ്ഞിട്ടില്ല. സ്ഥലക്കുറവും ഭാരക്കൂടുതലും കാരണമാണ് ബാഗുകൾ ഉപേക്ഷിച്ചത്. സംഘത്തിലുൾപ്പെട്ട 400-ഓളം പേരിൽ ബാക്കിയുള്ളവർ സ്വദേശങ്ങളിലേക്ക് മടങ്ങിയതായാണ് വിവരം.
കടൽകടന്നവരിൽ 80 പേർ ശ്രീലങ്കൻ അഭയാർഥികളും മറ്റുള്ളവർ ഡൽഹിക്കാരുമാണ്. ഒരാളിൽനിന്ന് ഒന്നരലക്ഷംരൂപവീതം വാങ്ങി മൂന്നുലക്ഷം രൂപ ശമ്പളം ഉറപ്പിച്ചാണ് കൊണ്ടുപോയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കൊടുങ്ങല്ലൂർ സി.ഐ. പി.കെ. പദ്മരാജൻ പറഞ്ഞു. കൊടുങ്ങല്ലൂരിൽനിന്നുമുള്ള പോലീസ് സംഘം തമിഴ്‌നാട്ടിലെത്തി അന്വേഷണം നടത്തി മടങ്ങിയെത്തിയിട്ടുണ്ട്.