ശബരിമല ; സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ദുരൂഹത ; സന്നിധാനത്ത് എത്താത്തവരും പുരുഷന്മാരും പട്ടികയില്‍
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളുടേതെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടിക ദുരൂഹത നിറഞ്ഞത്. പട്ടികയില്‍ 21ാമതായി ഉള്‍പ്പെടുത്തിയിട്ടുള്ള ചെന്നൈ സ്വദേശിയായ പരംജ്യോതി യുവതിയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പരംജ്യോതി പുരുഷനാണെന്ന് വ്യക്തമായി. പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടതില്‍ അത്ഭുതം തോന്നുന്നുവെന്ന് പരംജ്യോതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തനിക്ക് 47 വയസാണ് പ്രായമെന്നും
രജിസ്റ്റര്‍ ചെയ്ത സമയത്തുണ്ടായ പിഴവാകാം ഇതിന് കാരണമെന്നും പരംജ്യോതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതുപോലെ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ ആന്ധ്രാ പത്മാവതിക്ക് സര്‍ക്കാര്‍ രേഖ പ്രകാരം 48വയസ്. എന്നാല്‍ അവരുടെ യഥാര്‍ഥ പ്രായം 55 ആണെന്ന് വ്യക്തമായി. പട്ടികയില്‍ 43 എന്ന് സര്‍ക്കാര്‍ പറഞ്ഞ കലാവതിക്ക് 52 ആണ് പ്രായം. 53 വയസുള്ള ചെന്നൈ സ്വദേശിനി ഷീലയുടെ പ്രായം പട്ടികയില്‍ 48 ആണ്.
തമിഴ്നാട് നെല്ലൂര്‍ സ്വദേശിനി പത്മാവതിക്ക് 60 വയസ്സാണ് യഥാര്‍ഥ പ്രായം. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 45 വയസ്സാണ്. ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ പറയുന്ന നെല്ലൂര്‍ സ്വദേശിനിയായ സായ് സുകന്യയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ശബരിമലയില്‍ വന്നിട്ടേയില്ലെന്നാണ് അവര്‍ പറഞ്ഞത്.
അതുപോലെ പട്ടികയിലുള്ള മഹാമണി, ചക്രമ്മ, ശശികല, രാമിലമ്മ എന്നിവരും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ രേഖപ്പെടുത്തിയ സ്ത്രീകളുടെ വിവരങ്ങളാണ് സര്‍ക്കാരിന്റെ പട്ടികയിലുള്ളതെന്ന് സുപ്രീംകോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ പറഞ്ഞു.
ഡിജിറ്റല്‍ രേഖയുണ്ട്. ഡിജിപി തയ്യാറാക്കിയ കുറിപ്പിലെ വിവരങ്ങളാണ് ഇത്. 7564 സ്ത്രീകള്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വിവരങ്ങള്‍ വ്യാജമാണെന്നും കോടതിയെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിഷയത്തില്‍ എതിര്‍ നിലപാടുള്ളവരുടെ അഭിഭാഷകര്‍.
പോലീസ് സംരക്ഷണമില്ലാതെ തന്നെ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സ്ഥാപിക്കാനാണ് 51 പേരുടെ പട്ടികയുമായി സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. മലകയറിയ 51 പേരും യുവതികളാണെന്ന് അവകാശപ്പെട്ട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പട്ടികയുടെ യാഥാര്‍ഥ്യം പുറത്തുവന്നതോടെ തടിയൂരുകയായിരുന്നു.
ബിന്ദുവിനും കനകദുര്‍ഗയ്ക്കും രഹസ്യമായി ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കിയ പഴി മറികടക്കാനാണ് സര്‍ക്കാര്‍ 51 പേരുടെ പട്ടികയുമായെത്തിയത്. ഇരുവരും ശബരിമലയിലെത്തുന്നതിന് മുമ്പ് തന്നെ യുവതികള്‍ സന്നിധാനത്തെത്തിയെന്ന് വാദിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
എന്നാല്‍ ഇതില്‍ ഒരു മലയാളിയുടെ പേരുപോലും ഇല്ല. അതുപോലെ പട്ടികയില്‍ ശബരിമലയില്‍ എത്താത്തവരും, പുരുഷന്മാരും, 50 വയസിന് മുകളിലുള്ളവരും ഉണ്ടെന്ന് വ്യക്തമായതോടെ സര്‍ക്കാര്‍ വെട്ടിലായി.