ഓർത്തഡോക്സ് -യാക്കോബായ സംഘര്‍ഷം ; 120 പേർക്കെതിരെ കേസെടുത്തു ; ഭദ്രാസനാധിപൻ ഒന്നാം പ്രതി

അവകാശത്തെച്ചൊല്ലി തൃശ്ശൂര്‍ മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് -യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ കേസെടുത്തു. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉച്ചയോടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസിന്റെ വീഴ്ച്ചയാണിതെന്നും കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും യൂഹനാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

രാത്രി 12 മണിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം ?ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. സമരപ്പന്തല്‍ പൊലീസ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയൂസ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

മുപ്പതോളം ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തു. പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്ന യാക്കോബായ വിഭാഗത്തിലുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്. പള്ളിയില്‍ കയറി അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവര്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് പൊലീസ്. അക്രമത്തില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇരു വിഭാഗങ്ങള്‍ തമ്മില്‍ രാത്രി രൂക്ഷമായ കല്ലേറ് നടന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി.ഇവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗം സമരം ചെയ്തത്. തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാ?ഗത്തെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.

സമരപ്പന്തല്‍ ഒഴിപ്പിച്ചെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കൂടുതല്‍ വിശ്വാസികള്‍ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.