ചിന്നക്കലാല്‍ ഇരട്ടകൊലപാതകത്തിനു കാരണം മോഷണശ്രമം
ചിന്നക്കനാല്‍ നടുപ്പാറയില്‍ എസ്റ്റേറ്റിലെ ഉടമസ്ഥനെയും തൊഴിലാളിയെയും കൊലപ്പെടുത്താന്‍ കാരണമായത് മോഷണശ്രമം എന്ന് പോലീസ്. കൊലപാതകത്തിന് ശേഷം താന്‍ ഒന്‍പത് കിലോമീറ്റര്‍ ദൂരം കാടിനുള്ളിലൂടെ സഞ്ചരിച്ച് തമിഴ്നാട്ടിലെത്തുകയായിരുന്നുവെന്നും മുഖ്യപ്രതി ബോബിന്‍ പൊലീസിന് മൊഴി നല്‍കി. എസ്റ്റേറ്റിലെ ഏലക്ക വിറ്റു കിട്ടിയ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയുമായാണ് ഇയാള്‍ ഒളിവില്‍ പോയത്.
മധുരയില്‍ രണ്ട് ദിവസം തങ്ങിയ പ്രതി സിനിമ കണ്ടിറങ്ങുന്ന വഴിയാണ് തിയേറ്ററിന് മുന്നില്‍ വച്ച് പൊലീസ് പിടിയിലാകുന്നത്. അതേസമയം ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് വീട്ടമ്മയ്ക്ക് നേരെ മുളക്പൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്.
ചിന്നക്കനാല്‍ വര്‍ഗീസ് പ്ലാന്റേഷന്റെയും റിഥംസ് ഓഫ് മൈന്‍ഡ് റിസോര്‍ട്ടിന്റെയും ഉടമ ജേക്കബ് വര്‍ഗീസ്(രാജേഷ്40), തൊഴിലാളി മുത്തയ്യ(55) എന്നിവരെ കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു.
പ്രതിയെ സഹായിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ചേരിയാര്‍ കറുപ്പന്‍ കോളനി സ്വദേശി ഇസ്രബേല്‍, ഭാര്യ കപില എന്നിവര്‍ റിമാന്‍ഡിലാണ്. ജേക്കബ് വര്‍ഗീസിന്റെ മൃതദേഹം ഏലത്തോട്ടത്തിലും മുത്തയ്യയുടെ മൃതദേഹം ഏലം സ്റ്റോറിലുമാണ് കണ്ടെത്തിയത്. ജേക്കബിന്റെ നെഞ്ചില്‍ വെടിയേറ്റിരുന്നു. മുത്തയ്യയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.