കോട്ടയത്തില്‍ പീഡനം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്നു കുഴിച്ചുമൂടി

കോട്ടയം മണര്‍കാട് അരീപ്പറമ്പില്‍ പീഡനം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. മണര്‍കാട് തന്നെയുള്ള ഒരു സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവറായ അജേഷ് ആണ് കൊലപാതകം നടത്തിയത് എന്ന് പോലീസ് പറയുന്നു. ഇയാളെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അവസാനം വിളിച്ചത് അജേഷിനെ ആയിരുന്നു. സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ലൈംഗികപീഡനം എതിര്‍ത്തതിനാണ് പ്രതി പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. വ്യാഴാഴ്ച പകല്‍ കൊലപാതകം നടത്തിയ ഇയാള്‍ രാത്രിയാണ് ശവശരീരം കുഴിച്ചുമൂടിയത്. കയറും ഷാളും ഉപയോഗിച്ചാണ് കൊന്നതെന്നും കൊല്ലുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ കുട്ടിയ്ക്ക് സ്വന്തം മൊബൈല്‍ നമ്പര്‍ കൈമാറിയിരുന്നു. മൊബൈല്‍ പ്രണയത്തിനൊടുവിലാണ് പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജോലി ചെയ്തിരുന്ന ഹോളോബ്രിക്‌സ് കമ്പനിയിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയത്.

ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് ഇയാളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാള്‍ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.