മോദിയെ താഴെ ഇറക്കാന്‍ ഞങ്ങള്‍ ഒറ്റക്കെട്ട് എന്ന് മമതാ ബാനര്‍ജി

മോദി സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മെഗാറാലി. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് അണിനിരത്തി യുണൈറ്റഡ് ഇന്ത്യാ റാലി എന്ന പേരില്‍ കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ നടന്ന റാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു.

അടുത്ത ദിവസങ്ങള്‍ക്കുളില്‍ മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ അവസാനിക്കും. ഒരു പുതിയ പ്രഭാതം പിറക്കുകയാണ്. ഞങ്ങള്‍ അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ഇത് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. മരുന്നുകളുടെ കലാവധി കഴിയുന്നതുപോലെ മോദി സര്‍ക്കാരിനും കളംവിടാന്‍ സമയമായി. രഥയാത്ര എന്ന പേരില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ഞാന്‍ അനുമതി നല്‍കാന്‍ പോകുന്നില്ല.

ബംഗാളില്‍ ഭ്രാന്തബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ ബിജെപിയെ ഞങ്ങള്‍ സമ്മതിക്കാന്‍ പോകുന്നില്ല. ബിജെപിയെ സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കും. മോദി സര്‍ക്കാറിന്റെ കീഴില്‍ ഒരു അച്ഛേദിന്‍ പോലും പിറന്നിട്ടില്ല. ജനങ്ങള്‍ അവരുടെ മനസ്സില്‍ നിന്ന് ഈ സര്‍ക്കാരിനെ പുറംന്തള്ളിയെന്നും മമത പറഞ്ഞു. പ്രതികാര ബുദ്ധിയോടെയാണ് മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിടുന്നത്.

ഇതിനെതിരെ എല്ലാവരും ഒരുമിച്ച് വരേണ്ടതുണ്ട്. കൂട്ടമായ നേതൃത്വം വളരെ പ്രധാനപ്പെട്ടതാണ്. ആരാണ് നിങ്ങളുടെ നേതാവെന്നാണ് മോദി ചോദിക്കുന്നത്. ഞങ്ങള്‍ ഒരുപാട് നേതാക്കളുണ്ട്. ഞങ്ങളുടെ സഖ്യത്തില്‍ എല്ലാവരും നേതാക്കളും സംഘടകരുമാണ് എന്നും മമത പറയുന്നു.