യുവതികളുടെ അബദ്ധ പട്ടിക ; നാണം കെട്ടു സര്‍ക്കാര്‍ ; പരസ്പരം പഴി ചാരി വകുപ്പുകൾ

നാണക്കേട് മാറ്റാന്‍ ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ സ്ത്രീകളുടെ പട്ടിക തിരുത്താനൊരുങ്ങി സര്‍ക്കാര്‍. പട്ടികയില്‍ വ്യാപകമായ തെറ്റുകളും പൊരുത്തക്കേടുകളും കണ്ടെത്തിയത് വിവാദമായ സാഹചര്യത്തിലാണ് തിരുത്തി പുതിയ പട്ടിക തയ്യാറാക്കുന്നത്. കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം പുതിയ പട്ടിക തയ്യാറാക്കാനും കോടതി ആവശ്യപ്പെടുമ്പോള്‍ അത് സമര്‍പ്പിക്കാനുമാണ് തീരുമാനം.

അതിനിടെ ശബരിമലയില്‍ കയറിയെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ യുവതികളുടെ പട്ടിക അബദ്ധപഞ്ചാംഗമായതില്‍ പരസ്പരം പഴിചാരി വകുപ്പുകള്‍. കോടതിയില്‍ നേരിട്ട് നല്‍കാനല്ല ലിസ്റ്റ് കൊടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

ബിന്ദുവും കനക ദുര്‍ഗയും അല്ലാതെ മറ്റാരെങ്കിലും കയറിയോ എന്ന ചോദ്യം കോടതി ഉന്നയിച്ചാല്‍ മാത്രം നല്‍കാനായിരുന്നു പട്ടിക. വെര്‍ച്വല്‍ ക്യൂവില്‍ രെജിസ്റ്റര്‍ ചെയ്തവര്‍ നല്‍കിയ വിവരങ്ങള്‍ എന്ന് വ്യക്തമാക്കിയാണ് പട്ടിക നല്‍കിയതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ ലിസ്റ്റിന്റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പ് വ്യക്തമാക്കുന്നു. പട്ടികയിലെ പൊരുത്തക്കേടുകള്‍ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിരുന്നു. അതിന് മറുപടി നല്‍കിയതില്‍ ഇരുവകുപ്പുകളും പരസ്പരം പഴി ചാരുകയാണ്.

വിര്‍ച്വല്‍ ക്യൂവില്‍ റജിസ്റ്റര്‍ ചെയ്ത് പമ്പയില്‍ വന്ന് പാസ്സ് വാങ്ങിപ്പോയ ആളുകളുടെ കണക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ബിന്ദുവും കനകദുര്‍ഗയുമല്ലാതെ വേറെ ആരെങ്കിലും കയറിയോ എന്ന് ചോദിച്ചാല്‍ മാത്രം നല്‍കാനാണ് ഈ ലിസ്റ്റ് നല്‍കിയത്.

എന്നാല്‍ ഇത് കൈകഴുകലാണ്, ഉത്തരവാദിത്തത്തോടെ പൊലീസ് തന്ന പട്ടികയാണിതെന്ന് നിയമവകുപ്പും പറയുന്നു. പൊലീസിന്റെ ലിസ്റ്റ് കിട്ടിയ ശേഷം ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് കോടതിയില്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്ന നിയമവകുപ്പും വിശദീകരിക്കുന്നു.

ലിസ്റ്റിന്റെ ഉത്തരവാദിത്തം ആര്‍ക്ക് എന്നതില്‍ തമ്മില്‍ത്തല്ല് തുടരുകയാണെന്നര്‍ഥം. ഈ പട്ടികയില്‍ ഇനി തിരുത്ത് നടത്താന്‍ പറ്റുകയുമില്ല. ചുരുക്കത്തില്‍ ആരും ചോദിക്കാതെ സര്‍ക്കാര്‍ ഒരു തെറ്റായ പട്ടിക കോടതിയില്‍ കൊടുത്തു, അത് രേഖകളുടെ ഭാഗമാവുകയും ചെയ്തു.

ഇതെങ്ങനെ ദില്ലിയിലെ ഓഫീസില്‍ നിന്ന് ചോര്‍ന്നു എന്ന പ്രശ്‌നവും സര്‍ക്കാരിനെ അലട്ടുന്നു. പ്രസിദ്ധപ്പെടുത്താനല്ല, രഹസ്യമായി കോടതിരേഖകളുടെ ഭാഗമാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഈ പട്ടിക സുപ്രീംകോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്.