ബിജെപിയുടെ ശബരിമല സമരം എന്തിനുവേണ്ടിയായിരുന്നു ; സമരം പരാജയം ; ഉത്തരം കിട്ടാതെ നേതാക്കള്‍
അണികള്‍ക്കിടയില്‍ തന്നെ ചോദ്യങ്ങള്‍ ബാക്കിവെച്ച് ബിജെപിയുടെ ശബരിമല സമരം അവസാനിച്ചു. സമരം വിജയമായില്ല എന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ തുറന്നു സമ്മതിച്ച വേളയില്‍ എന്തിനായിരുന്നു സമരം എന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
വിശ്വാസികളും അവിശ്വാസികളും രണ്ട് തട്ടിലായ വേര്‍തിരിഞ്ഞെന്ന അവകാശവാദത്തിന് പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടോ? പുരോഗമന ആശയങ്ങളോട് പിന്തിരിപ്പന്‍ നിലപാടെന്ന എതിര്‍ചേരിയുടെ വിമര്‍ശനങ്ങളെ എത്രനാള്‍ പ്രതിരോധിക്കാനാകും? തെരഞ്ഞെടുപ്പ് ഗോദയില്‍ അയ്യപ്പരാഷ്ട്രീയത്തിന്റെ പ്രസക്തിയെന്ത്? സമരം കഴിയുമ്പോള്‍ ബിജെപിക്ക് മുന്നിലവശേഷിപ്പിക്കുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്.
വിശ്വാസ സംരക്ഷണത്തിനെന്ന പേരിലാണ് ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി സമരം തുടങ്ങിയത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക , ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി നടത്തി വന്ന സമരം ശബരിമലയില്‍ നിന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റിയപ്പോള്‍ മുതല്‍ പാര്‍ട്ടിക്കകത്തും പുറത്തും എതിര്‍സ്വരമുയര്‍ന്നിരുന്നെങ്കിലും മുന്നോട്ട് തന്നെയെന്ന് നേതൃത്വം ഉറപ്പിച്ചു. ഒന്നും രണ്ടുമല്ല നാല്‍പ്പത്തൊന്‍പത് ദിവസം നീണ്ട റിലേ നിരാഹാരമാണ് പാര്‍ട്ടി നടത്തിയത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനില്‍ തുടങ്ങി . മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സികെ പദ്മനാഭന്‍, ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ എന്‍ ശിവരാജന്‍, പിഎം വേലായുധന്‍, മഹിളാ മോര്‍ച്ച അധ്യക്ഷ വിടി രമ, ഏറ്റവും ഒടുവില്‍ പികെ കൃഷ്ണദാസ് വരെ സമരം തുടരാന്‍ മുന്നോട്ട് വന്നത് ഏഴ് പേര്‍. ആദ്യം മുതല്‍ സമരത്തോട് മുഖം തിരിച്ച സര്‍ക്കാര്‍ അവസാന നിമിഷം വരെ അവഗണന തുടര്‍ന്നു. ആവര്‍ത്തിച്ച് ആവശ്യമുയര്‍ന്നിട്ടും സമരക്കാരുമായോ അവരുന്നയിച്ച ആവശ്യങ്ങളുമായോ ഒരു ഘട്ടത്തിലും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായില്ല.
നിരാഹാരം തുടരാന്‍ നേതാക്കളെ കിട്ടാത്ത അവസ്ഥ പാര്‍ട്ടിക്കകത്ത് കടുത്ത വിമര്‍ശനത്തിനിടയാക്കി. ഏറ്റവും ഒടുവില്‍ 22 ന് സുപ്രീംകോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച റിവ്യു ഹര്‍ജികള്‍ ഉടനൊന്നുമില്ലെന്ന തിരിച്ചറിവും ഒപ്പം മണ്ഡല മകരവിളക്ക് സീസണ്‍ കഴിഞ്ഞ് നടയടക്കുന്ന സാഹചര്യവും കൂടി കണക്കിലെടുത്താണ് അനിശ്ചിതകാല നിരാഹാര സമരമവസാനിപ്പിക്കാന്‍ ബിജെപിയെ നിര്‍ബന്ധിതരാക്കിയത്.
അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലുകളും അതെ തുടന്നുണ്ടായ അക്രമ സംഭവങ്ങളുമെല്ലാം വിപരീത ഫലമുണ്ടാക്കുന്നു എന്ന വിമര്‍ശനം ബിജെപിക്ക് അകത്ത് തന്നെ ഉണ്ടായി. പലപ്പോഴുമത് ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വന്നു. ശബരിമല മണ്ഡല മകരവിളക്ക് സീസന്‍ അവസാനിക്കുകയും 22 ന് സുപ്രീം കോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച റിവ്യു ഹര്‍ജികള്‍ അനിശ്ചിതമായി വൈകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമരവും വഴിമുട്ടി. ഇനിയെങ്ങോട്ട് എന്ന പരസ്പരം ചോദിക്കുന്ന ഘട്ടത്തിലാണ് സെക്രട്ടേറിയേറ്റ് പടിക്കലെ അനിശ്ചിതകാല നിരാഹരം അവസാനിപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത് . സമരം വന്‍ വിജയമായിരുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നത്.
നിരാഹാരം കിടന്നിരുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് ഗാന്ധിയന്‍ ഗോപിനാഥന്‍ നായരും അയ്യപ്പന്‍പിള്ളയും ചേര്‍ന്ന് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
ഭരണഘടനാ ബെഞ്ചിന്റെ യുവതീപ്രവേശന വിധിക്ക് ശേഷം ശബരിമലയില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് തെറ്റാണെന്ന് ബോധിപ്പിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമാണെന്നാണ് ബിജെപി പറയുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ടു, വിശ്വാസികളേയും അവിശ്വാസികളും രണ്ട് ചേരിയായെന്നും ശബരിമല നിലപാട് പാര്‍ട്ടിക്ക് നേട്ടമായെന്നുമാണ് വിലയിരുത്തല്‍. വനിതാ മതിലിന് ബദലായി വിശ്വാസികളെ അണിനിരത്തി അയ്യപ്പ ജ്യോതിയും അതിലെ പങ്കാളിത്തവും മുതല്‍ എണ്ണാന്‍ ഏറെ നേട്ടങ്ങളുണ്ടെന്നാണ് ബിജെപി പറയുന്നത്.
മാത്രമല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ബിജെപിയുടെ സംഘനാ സംവിധാനം മെച്ചപ്പെടുത്താനും സംഘപരിവാര്‍ ആശയങ്ങളിലേക്ക് ആളെ കൂട്ടാനും ശബരിമല ആയുധമാകുമെന്ന കണക്കു കൂട്ടലും ഉണ്ട്. എന്‍എസ്എസ് അടക്കമുള്ള സംഘടകള്‍ സ്വീകരിച്ച ശബരിമല നിലപാടുകളും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
ശബരിമല കയറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന 51 പേരുടെ പട്ടികയില്‍ കടന്ന് കൂടിയ ആശയക്കുഴപ്പങ്ങളടക്കം അവസാന ലാപ്പില്‍ ഗുണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പുത്തിരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തോടെ സമരത്തിന് പുതിയ രൂപവും ഭാവവും ഉണ്ടാകുമെന്നും നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
ശബരിമല സമരത്തിന് ഫുള്‍സ്റ്റോപ്പിടാന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിക്ക് ആകില്ല . ഇനിയെന്തെന്ന ചോദ്യത്തിനാകട്ടെ ഏറെ പ്രസക്തിയുമുണ്ട്. സമര രീതിയിലും നിലപാടുകളിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലുണ്ടായ അകല്‍ച്ചയും അപസ്വരങ്ങളും പരിഹരിക്കലും ഏളുപ്പമാകില്ല. ശബരിമല വിഷയം ആളിക്കത്തിച്ച് പ്രതീക്ഷയിലെറെ ആളെ കൂട്ടാനായെന്ന ആത്മവിശ്വാസം ബിജെപിക്ക് ഉണ്ട്.