നടന്നത് സവര്‍ണ്ണരുടെ അയ്യപ്പസംഗമം എന്ന് വെള്ളാപ്പള്ളി നടേശന്‍
അയ്യപ്പ സംഗമം എന്ന പേരില്‍ സവര്‍ണ വിഭാഗങ്ങളുടെ ഐക്യമാണ് ഇന്നലെ തിരുവനന്തപുരത്ത് നടന്നതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആത്മീയ സമ്മേളനമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. എന്നാല്‍ ആത്മീയതയുടെ മറവില്‍ ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സവര്‍ണ വിഭാഗങ്ങളുടെ ഐക്യമാണ് അവിടെ ഉണ്ടായിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നും അവിടെ ഉണ്ടായില്ല.
അയ്യപ്പനെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള തന്നെ സമ്മതിച്ചിട്ടുണ്ട്. അയ്യപ്പ സംഗമ വേദിയില്‍ എന്‍എസ്എസിന്റെ നിലപാടുകള്‍ക്ക് വലിയ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. വീണുകിട്ടിയ അവസരങ്ങള്‍ എല്ലാം പ്രയോജനപ്പെടുത്താന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുകയാണെന്നും അടുത്ത തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ പോകുമെന്നും അയ്യപ്പ സംഗമം ഒരു കൂട്ടം സവര്‍ണരുടെ സംഗമം മാത്രമായിരുന്നെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശബരിമല പ്രശ്‌നത്തില്‍ നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രത്യേകിച്ച് ഇത് തെരഞ്ഞെടുപ്പ് കാലം കൂടിയാണ്. ശബരിമല പ്രശ്‌നത്തില്‍ ബിജെപി ഉണ്ടാക്കിയ നേട്ടം ലോകസഭാ തെരഞ്ഞെടുപ്പ് വരെ അവര്‍ക്ക് തുടരാനാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കോട്ടയത്ത് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതില്‍ വന്‍ വിജയമായിരുന്നു. പക്ഷേ തൊട്ടടുത്ത ദിവസം സ്ത്രീകളെ കയറ്റിയതോടെ അത് കെണിയായി മാറി. ശബരിമലയില്‍ കയറിയ സ്ത്രീകളുടെ പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചപ്പോഴും സര്‍ക്കാറിന് ഗുരുതരമായ തെറ്റ് പറ്റി. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സംഭവിച്ചത് വലിയ വീഴ്ചയാണ്. ഇത്തരം കാര്യങ്ങളില്‍ ഉപദേശം സ്വീകരിക്കുന്നതിന് മുമ്പ് പത്തുവട്ടം ആലോചിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു.