ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഹാക്കർ

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ രംഗത്ത്. യുഎസ് ഹാക്കര്‍ സയിദ് ഷുജയാണ് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന് വെളിപ്പെടുത്തിയത്.

പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ താന്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് ഇയാളുടെ അവകാശവാദം. ഇതിനായി എസ് പി, ബി എസ് പി പാര്‍ട്ടികള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കര്‍ പറഞ്ഞു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ലണ്ടനില്‍ നടന്ന പരിപാടിയില്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനാകുമെന്ന് അമേരിക്കന്‍ ഹാക്കര്‍ അവകാശപ്പെട്ടു. പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ഈ പരിപാടിയില്‍ ക്ഷണിതാവായി പങ്കെടുത്തു.

മുമ്പും പലതവണ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ഒരിക്കലും ഹാക്ക് ചെയ്യാനാകില്ല എന്ന് തെഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചിരുന്നു . വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്നു എന്ന ആരോപണം ബിജെപിക്കെതിരെ കോണ്‍ഗ്രസ് പലവട്ടം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഹാക്കറുടെ അവകാശവാദം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.

അതുപോലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കാത്തതിനാലാണ് അവിടെ എ.എ.പി വിജയിച്ചതെന്നും ഹാക്കര്‍ പറഞ്ഞു. കൂടാതെ 2014-ല്‍ വാഹനാപകടത്തില്‍ മരിച്ച മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണം വോട്ടിങ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുള്ളിതിനാലാണെന്നും യുഎസ് ഹാക്കര്‍ ആരോപിക്കുന്നു.

എന്നാല്‍ ഹാക്കറുടെ അവകാശവാദം ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. കരുതിക്കൂട്ടിയുള്ള കുപ്രചരണമാണ് ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഉണ്ടായതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. ഈ വിവാദത്തില്‍ കക്ഷിയാകാനില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.