ലോകത്ത് ജീവന്റെ തുടിപ്പുകള്‍ ഉണ്ടായ സമയത്ത് ഇന്ത്യയിലും ജീവനുണ്ടായി എന്ന് കണ്ടെത്തല്‍

രണ്ടര ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് ഭൗമാന്തരീക്ഷത്തില്‍ ഓക്‌സിജന്‍ എത്തി ജീവന്‍ ഉദ്ഭവിച്ചപ്പോള്‍ തന്നെ ഇന്ത്യയിലും ജീവനുണ്ടായി എന്ന് കണ്ടെത്തല്‍ . ഖരഗ്പൂര്‍ ഐഐടി ഗവേഷണവിഭാഗത്തിന്റെ പഠനത്തിലാണ് വിവരങ്ങള്‍ കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെക്കാനിലാണ് സൂഷ്മകോശ ജീവികളുടെ സാന്നിദ്ധ്യം ഉണ്ടായത്. നാലു വര്‍ഷം നീണ്ട പഠനത്തിലാണ് സ്ഥിരീകണം. പഠന റിപ്പോര്‍ട്ട് പ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചറില്‍ പ്രസിദ്ധീകരിച്ചു.

രാജ്യത്തെ എറ്റവും പഴക്കം ചെന്ന ശിലകളുള്ള ഡെക്കാനിലാണ് ജീവന്റെ ആരംഭം ഉണ്ടായത്. 1964 ല്‍ മഹാരാഷ്ട്രയിലെ കൊയ്‌നയില്‍ നടന്ന ഭൂകമ്പത്തെപ്പറ്റിയുള്ള പഠനത്തിനൊപ്പമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഈ പഠനവും നടന്നത്. പഴക്കമുള്ള ഇഗ്‌നിയസ് ശിലകളിലായിരുന്നു പരിശോധന. ഒടുവില്‍ സൂഷ്മജീവികളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയായിരുന്നു.

ഐ.ഐ.ടിയിലെ ബയോ ടെക്‌നോളജി അദ്ധ്യാപകനായ പിനാകി സറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.മണ്ണില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ ആഴത്തിലാണ് സാന്നിദ്ധ്യമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.