നികുതി കുടിശ്ശിക പരമാവധി പിരിച്ചെടുക്കാന്‍ തയ്യാറായി കേരള സര്‍ക്കാര്‍
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി നികുതി വരുമാനം വര്‍ധന ആവശ്യമാണെന്ന വലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നികുതി കുടിശ്ശിക പരമാവധി പിരിച്ചെടുക്കാന്‍ തയ്യാറായി കേരള സര്‍ക്കാര്‍.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മാപ്പാക്കല്‍ പദ്ധതി കൂടുതല്‍ ഇളവുകളോടെ വീണ്ടും നടപ്പാക്കാന്‍ ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ പ്രാവശ്യത്തെ ബജറ്റില്‍ ഇതിനായി പ്രത്യേക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കഴിഞ്ഞ തവണ മാപ്പാക്കല്‍ വഴി വെറും 70 കോടി മാത്രമാണ് സര്‍ക്കാരിന് പിരിച്ചെടുക്കാനായത്.
സംസ്ഥാനത്ത് വ്യാപാരം തുടരുന്നവരില്‍ നിന്നും അവസാനിപ്പിച്ചവരില്‍ നിന്നും മൂല്യവര്‍ധിത നികുതി (വാറ്റ്) കുടിശ്ശികയായി 6,500 കോടിയോളം രൂപയാണ് പിരിഞ്ഞുകിട്ടാനുളളത്.
എട്ട് ലക്ഷം പേരില്‍ നിന്നാണ് ഇത്ര ഭീമമായ നികുതി കുടിശ്ശിക സംസ്ഥാന ഖജനാവിലേക്ക് വന്ന് ചേരേണ്ടത്. കേന്ദ്ര ബജറ്റിന് തലേന്ന് ജനുവരി 31 നാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്.