ആദ്യ ഏകദിനം ; ഇന്ത്യക്ക് ജയം
ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. നേപ്പിയറില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 157 റണ്‍സ് ഇന്ത്യ 34.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ 74 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റും മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 64 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് കിവീസ് നിരയില്‍ ചെറുത്ത് നിന്നത്. നിര്‍ണായകമായ മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ മാച്ച്.
വിജയത്തിലേക്കുള്ള വഴിയില്‍ ഓപ്പണര്‍ രോഹിത് ശര്‍മ (11), വിരാട് കോലി (45) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ധവാനും അമ്പാട്ടി റായുഡു (13)വും പുറത്താവാതെ നിന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സുള്ളപ്പോള്‍ തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിലായിരുന്നു ആദ്യ വിക്കറ്റ്.
ഷമിയുടെ പന്ത് പ്രതിരോധിക്കാനുള്ള ഗപ്റ്റിലിന്റെ ശ്രമം പരാജയപ്പെട്ടു. ബാറ്റില്‍ തട്ടി പന്ത് സ്റ്റംപിലേക്ക്. അടുത്ത ഓവറില്‍ മണ്‍റോയേയും ഷമി മടക്കി അയച്ചു. ഇടങ്കയ്യനെതിരെ റൗണ്ട് ദ വിക്കറ്റില്‍ വന്ന ഷമി മനോഹരമയായ ഒരു പന്തില്‍ മണ്‍റോയുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരമായി ഷമി.
നേരത്തെ, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നല്‍കി. ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച വിജയ് ശങ്കര്‍ നേപ്പിയര്‍ ഏകദിനത്തിലും സ്ഥാനം കണ്ടെത്തി.