വോട്ടിംഗ് മെഷീൻ ഹാക്കിംഗ് ; സത്യമോ മിഥ്യയോ
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ? സയിദ് ഷൂജ എന്ന ഹാക്കറും അയാളുടെ വെളിപ്പെടുത്തലും ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുമ്പോള്‍ യാഥാര്‍ത്ഥ്യം എന്താണ്?
ശരിക്കും ഈ മെഷീന്‍ ഹാക്കാന്‍ പറ്റുമോ? എന്നാല്‍ കഴിയില്ലെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷനും സാങ്കേതിക വിദഗ്ധരും പറയുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും വോട്ടര്‍ക്കുമല്ലാതെ പുറത്തുനിന്നുള്ള ഒരാള്‍ക്കു യന്ത്രത്തില്‍ തൊടാന്‍ പോലും സാധിക്കില്ല എന്നാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
വോട്ട് ചെയ്യുന്ന ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും അടക്കം രണ്ട് യൂണിറ്റുകള്‍ അടങ്ങുന്നതാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീന്‍. അഞ്ച് മീറ്റര്‍ നീളമുള്ള കേബിള്‍ ഉപയോഗിച്ചാണ് ഈ രണ്ട് യൂണിറ്റുകളും ബന്ധിപ്പിച്ചിരിക്കുന്നത്. കണ്‍ട്രോള്‍ യൂണിറ്റിനകത്തുള്ള ഒരു 7.5 വോള്‍ട്ട് ആല്‍ക്കലൈന്‍ ബാറ്ററി പാക്കിലാണ് യന്ത്രം പ്രവര്‍ത്തിക്കുന്നത്.
ബംഗളൂരു ആസ്ഥാനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ആണ് വോട്ടിംഗ് മെഷീനുകള്‍ നിര്‍മ്മിക്കുന്നത്. ആകെ മൂന്ന് മോഡല്‍ ഇവിഎമ്മുകള്‍ ഇതുവരെ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 2006-ന് മുമ്പ് നിര്‍മ്മിക്കപ്പെട്ട എം1 മോഡല്‍, 2006-ന് ശേഷം നിര്‍മ്മിക്കപ്പെട്ട എം2 മോഡല്‍ പിന്നെ 2013-ന് ശേഷം നിര്‍മ്മിച്ച എറ്റവും പുതിയ എം4 മോഡല്‍ എന്നിവയാണവ.
എം1, എം2 മോഡലുകളില്‍ ഓരോ ബാലറ്റ് യൂണിറ്റിലും പരമാവധി ചേര്‍ക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം 16 ആണ്. നാല് ബാലറ്റ് യൂണിറ്റുകള്‍ വരെ കൂട്ടിച്ചേര്‍ത്ത് നോട്ടയടക്കം 64 സ്ഥാനാര്‍ത്ഥികളെ വരെ ഒരു കണ്‍ട്രോള്‍ യൂണിറ്റിന് കീഴില്‍ ബന്ധിപ്പിക്കാം. എം3 മോഡല്‍ ആണെങ്കില്‍ ഇത് 24 യൂണിറ്റുകള്‍ ചേര്‍ത്ത് 384വരെ എത്തിക്കാം.
എറ്റവും കൂടുതല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതും ഉപയോഗിക്കപ്പെട്ടിട്ടുള്ളതും എം2 മോഡല്‍ വോട്ടിംഗ് മെഷീനുകളാണ്. 2014-ലെ തെരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി ഉപയോഗിച്ചതും ഈ മോഡല്‍ ആണ്.
എന്നാല്‍ സയിദ് ഷൂജ പറഞ്ഞത് പോലെ ഒരു വയര്‍ലെസ് ഡിവൈസുപയോഗിച്ച് ഈ വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്താന്‍ പറ്റില്ല എന്നാണ് സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരു തരത്തിലുള്ള നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കപ്പെടാത്ത കണ്‍ട്രോള്‍ യൂണിറ്റില്‍ പുറത്ത് നിന്നുള്ള ഒരാള്‍ക്ക് കൃത്രിമം നടത്തുക അസാധ്യമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഏതെങ്കിലും റേഡിയോ തരംഗങ്ങള്‍ സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്ന ഒരു ഭാഗവും എം 2 മോഡല്‍ മെഷീനിലില്ല എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് ബ്ലൂടൂത്തോ വൈഫൈയോ ഉപയോഗിച്ച് ഒരു തരത്തിലും നമ്മുടെ വോട്ടിങ്ങ് മെഷീനുമായി ബന്ധപ്പെടാന്‍ പറ്റില്ല.
കണ്‍ട്രോള്‍ യൂണിറ്റിലാണ് നമ്മള്‍ ചെയ്യുന്ന വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. കണ്‍ട്രോള്‍ യൂണിറ്റില്‍ നിര്‍മ്മാണ സമയത്ത് കൃത്രിമം നടത്തുക, അല്ലെങ്കില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് കൃത്രിമം നടത്തുക എന്നീ സാധ്യതകളുണ്ടെങ്കിലും നിലവിലെ സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തില്‍ ബുദ്ധിമുട്ടാണ്. ബാലറ്റ് യൂണിറ്റിനെ കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധിപ്പിക്കുന്ന കേബിളില്‍ മാറ്റം വരുത്തുകയാണ് ഒരു സാധ്യത. അതിന് സാധിച്ചാല്‍ ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാം.
അപ്പോഴും ഒരു പ്രശ്‌നം ബാക്കിയാണ്. ഓരോ മണ്ഡലത്തിലും ഓരോ ക്രമത്തിലാണ് സ്ഥാനാര്‍ത്ഥികളെ വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്നത്. ഈ ക്രമം നിശ്ചയിക്കുന്നതാകട്ടെ പോളിംഗിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും. ഒരേ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി എല്ലാ മണ്ഡലങ്ങളിലും ഒരേ ക്രമ നമ്പറില്‍ വരില്ല. വോട്ടിംഗ് മെഷീനിന്റെ മെമ്മറിയില്‍ സ്ഥാനാര്‍ത്ഥിയുടെ പേരോ പാര്‍ട്ടിയുടെ പേരോ രേഖപ്പെടുത്തപ്പെടുന്നില്ല.
കണ്‍ട്രോള്‍ മെഷീനില്‍ വോട്ട് പതിയുന്നത് ക്രമനമ്പറിനനുസരിച്ചാണ്. ഒന്നാം സ്ഥാനാര്‍ത്ഥി, രണ്ടാം സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം ഒരു വിവരവും വോട്ടിങ് മെഷീനിനകത്ത് രേഖപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ തന്നെ ഒരു ക്രമ നമ്പറിന് കൂടുതല്‍ വോട്ട് കിട്ടുന്ന തരത്തില്‍ എന്തെങ്കിലും മാറ്റം മുന്‍കൂട്ടി മെഷീനില്‍ വരുത്തിയത് കൊണ്ട് കാര്യമില്ല.
ഇവിഎമ്മുകളില്‍ നടത്താവുന്ന തട്ടിപ്പുകളെ പറ്റി മിഷിഗന്‍ യൂണിവേഴ്‌സിറ്റിയിലെ അലക്‌സ് ഹാള്‍ഡെര്‍മാന്‍, ഹൈദരാബാദ് ആസ്ഥാനമായ നെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഹരി കെ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഒരു പഠനം നടത്തിയിരുന്നു.
ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടത്താമെന്ന് തന്നെയായിരുന്നു ഇവരുടെ കണ്ടെത്തല്‍. കണ്‍ട്രോള്‍ യൂണിറ്റിലെ പ്രോഗ്രാമില്‍ തിരിമറി നടത്തുക. പുതിയ മെമ്മറിചിപ്പോ സിപിയുവോ ഘടിപ്പിക്കുക, ബ്ലൂടുത്ത് വഴി നിയന്ത്രിക്കാവുന്ന ഒരു ഫാള്‍സ് ഡിസ്‌പ്ലേ ഘടിപ്പിക്കുക എന്നീ സാധ്യതകള്‍ ഉണ്ടെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍.
പക്ഷേ തെരഞ്ഞെടുപ്പ് മുഴുവന്‍ അട്ടിമറിക്കണമെങ്കില്‍ തന്നെ ഏകദേശം പതിമൂന്ന് ലക്ഷം ഇവിഎമ്മുകളില്‍ കൃത്രിമം നടത്തേണ്ടതുണ്ട്. ഏത് മെഷീന്‍ എതു ബൂത്തില്‍ ഉപയോഗിക്കപ്പെടുമെന്നത് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. ഇലക്ഷന്‍ പ്രക്രിയയ്ക്ക് അകത്ത് നിന്നുള്ള ഒരു സംഘത്തിന് മാത്രമേ കൃത്രിമം നടത്താന്‍ സാധിക്കുകയുള്ളൂ. ഏതെങ്കിലും ഒരു നിര്‍ണ്ണായക മണ്ഡലത്തില്‍ മാത്രം തട്ടിപ്പ് കാണിക്കണമെങ്കില്‍ തന്നെ ഒരു മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും തട്ടിപ്പുകാര്‍ എത്തേണ്ടതുണ്ട്.
അല്ലെങ്കില്‍ ഉള്ള മാര്‍ഗം വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിച്ച് വച്ചിരിക്കുന്ന സ്ഥലത്തെത്തി മാറ്റം വരുത്തുക എന്നതാണ്. എന്നാല്‍ സീല്‍ ചെയ്ത മെഷീനുകളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ സീല്‍ പൊട്ടിക്കണം. അത്തരത്തില്‍ സീലില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി കണ്ടെത്തിയാല്‍ ആ മെഷീന്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം.
കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്താണ് ഇത്രയും സുരക്ഷയോടെ കൈകാര്യം ചെയ്യപ്പെടുന്നുവെന്ന കരുതുന്ന വോട്ടിംഗ് യന്ത്രം രാജസ്ഥാനിലെ നടുറോഡില്‍ നിന്ന് കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നത്. അന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖം രക്ഷിച്ചത്. സര്‍ക്കാര്‍ ഒരുക്കിയ താമസ സൗകര്യം പോരെന്ന് പറഞ്ഞ് വോട്ടിംഗ് മെഷീനുമായി മധ്യപ്രദേശിലെ ഓഫീസര്‍മാര്‍ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത് വോട്ടെണ്ണല്‍ കാലത്ത് കണ്ടു.
ഇങ്ങനെ പലപ്പോഴായി അലംഭാവത്തിന്റെ കഥകളും പുറത്ത് വന്നിട്ടുണ്ടെന്നത് ഓര്‍ക്കേണ്ടതാണ്. പക്ഷേ എങ്കിലും രാജ്യവ്യാപകമായി തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കും വിധം വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താനാകുമോ? അങ്ങിങ്ങായി ചില മണ്ഡലങ്ങളില്‍ അട്ടിമറി നടത്താമെന്നല്ലാതെ മൊത്തം ഫലത്തെ തിരിക്കാന്‍ കഴിയില്ലെന്ന് തന്നെ പറയുന്നു വിദഗ്ധര്‍.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഇവിഎം ഉപയോഗിച്ച് പോളിംഗ് നടക്കുന്നത് നമ്മുടെ സ്വന്തം കേരളത്തിലാണ്. 1982-ല്‍. നോര്‍ത്ത് പറവൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു അത്. കോണ്‍ഗ്രസിന്റെ യു വി ജോസും സിപിഐയുടെ ശിവന്‍ പിള്ളയുമായിരുന്നു മത്സരാര്‍ത്ഥികള്‍. അന്ന് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചത് 50 ബൂത്തുകളില്‍. വോട്ടെണ്ണിയപ്പോള്‍ ശിവന്‍ പിള്ള ജയിച്ചു. യുവി ജോസ് സുപ്രീംകോടതിയില്‍ പോയി. അങ്ങനെ ആ 50 ബൂത്തുകളില്‍ വീണ്ടും ബാലറ്റ് പെട്ടിയുപയോഗിച്ച് വോട്ടെടുപ്പ് നടന്നു. ഇനിയാണ് ട്വിസ്റ്റ്. ഇത്തവണ രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജോസ് ജയിച്ചു.
പിന്നീട് രാജസ്ഥാനിലെയും മധ്യപ്രദേശിലേയും ദില്ലിയിലെയും തെരഞ്ഞെടുപ്പുകളില്‍ പയറ്റിത്തെളിഞ്ഞ വോട്ടിംഗ് മെഷീന്‍ 1999-ല്‍ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ തെരഞ്ഞെടുപ്പ് ഭാരം ചുമലിലേറ്റി. ഗോവയിലായിരുന്നു ആ പരീക്ഷണം. ഗോവന്‍ പരീക്ഷ ജയിച്ച വോട്ടിംഗ് മെഷീന്‍ 2003-ലെ എല്ലാ സംസ്ഥാനതെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും കളത്തിലിറങ്ങി. ഇത്തവണയും കഴിവ് തെളിയിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആ ചരിത്രപരമായ തീരുമാനമെടുത്തു. അങ്ങനെ 2004-ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ജനവിധി ഇവിഎമ്മില്‍ കുറിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവ്യവസ്ഥിതിയിലെ ഏറ്റവും വിലപ്പെട്ട തീരുമാനമായിരുന്നു അത്.