പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ; കോണ്‍ഗ്രസില്‍ സമ്പൂർണ അഴിച്ചുപണി
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ് നേതൃത്വം. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാഗാന്ധിയെ നിയമിച്ചതാണ് പ്രധാന മാറ്റം. ഇതുവരെ പിന്നണിയില്‍ നിന്നു കൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്ന പ്രിയങ്ക വര്‍ഷങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് പാര്‍ട്ടിയുടെ നേതൃതിരയിലേക്ക് വരുന്നത്.
നേരത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള തയ്യാറെടുപ്പുകളിലും ശേഷം മൂന്ന് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിലും പ്രിയങ്കാ ഗാന്ധി നിര്‍ണായക പങ്കു വഹിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിയ്ക്ക് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ബിജെപിയെ നേരിടാന്‍ ഒന്നിക്കുന്ന മായാവതിയേയും അഖിലേഷ് യാദവിനേയും ഒരുമിച്ചു നേരിടുക എന്ന ദൗത്യമായിരിക്കും ഇനി പ്രിയങ്കയ്ക്ക് ഉണ്ടാവുക.
2004- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേതിയില്‍ മത്സരിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 2013-ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായ അദ്ദേഹം 2017-ലാണ് പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത്. രാഹുല്‍ രാഷ്ട്രീയത്തില്‍ അരങ്ങേറി 15 വര്‍ഷം പിന്നിടുമ്പോള്‍ ആണ് പ്രിയങ്കാ ഗാന്ധിയുടെ വരവ്.
പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കിയത് കൂടാതെ രണ്ട് പ്രധാനമാറ്റങ്ങള്‍ കൂടി രാഹുല്‍ ഗാന്ധി ഇന്ന് നടപ്പിലാക്കിയിട്ടുണ്ട്. കര്‍ണാടകയുടെ ചുമതല വഹിച്ചിരുന്ന കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് ഇതില്‍ പ്രധാനം. നേരത്തെ മുതിര്‍ന്ന നേതാവ് അശോക് ഗെല്ലോട്ടാണ് ഈ പദവി കൈകാര്യം ചെയ്തിരുന്നത്.
അദ്ദേഹം രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് പകരക്കാരനായി താരത്മ്യേന ജൂനിയറായ കെസി വേണുഗോപാല്‍ എത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന കെസി വേണുഗോപാല്‍ പുതിയ പ്രമോഷനോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുകയാണ്.