കരിങ്കടലിലെ കപ്പലപകടത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യക്കാരും , രക്ഷപ്പെട്ടവരില്‍ മലയാളിയും

റഷ്യന്‍ അതിര്‍ത്തിയായ കെര്‍ഷ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീ പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആറ് ഇന്ത്യാക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. . കാണാതായ പത്ത് പേരില്‍ ഒരു മലയാളിയെ അടക്കം നാല് പേരെ രക്ഷപ്പെടുത്തി. ആറ് ഇന്ത്യക്കാരെ ഇനിയും കണ്ടെത്തിയിട്ടില്ല. ആകെ നാല് മലയാളികളെ ഇതുവരെ രക്ഷപ്പെടുത്തിയതായി ആണ് വിവരം. 15 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.

പിനല്‍ കുമാര്‍ ഭരത്ഭായ് ടണ്ടേല്‍, വിക്രം സിങ്, ശരവണ്‍ നാഗരാജന്‍, വിഷാല്‍ ദോഡ്, രാജ് ദേവ്നാരയാണന്‍ പനി, കരണ്‍ കുമാര്‍ ഹരിഭായ് എന്നിവരാണ് മരിച്ച ഇന്ത്യാക്കാര്‍.

തിങ്കളാഴ്ച പ്രാദേശിക സമയം ആറ് മണിയോടെ കരിങ്കടലില്‍ വച്ച് രണ്ട് ചരക്കുകപ്പലുകള്‍ക്ക് തീ പിടിക്കുകയായിരുന്നു. ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്‌സ്‌ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകള്‍ക്കാണ് തീ പിടിച്ചത്. ഒരു കപ്പലില്‍ നിന്ന് അടുത്തതിലേക്ക് കടലില്‍ വച്ച് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പതിനഞ്ചോളം ഇന്ത്യാക്കാര്‍ ഈ കപ്പലുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. മരിച്ചവരെക്കുറിച്ചും രക്ഷപ്പെട്ടവരെക്കുറിച്ചുമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല. കടല്‍ പ്രക്ഷുബ്ധമായത് കാരണം ഉള്‍ക്കടലിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു കപ്പലുകളും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്.