നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരിൽ പിണറായി തമ്മിലടിപ്പിച്ചു : എ കെ ആന്‍റണി

നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ തമ്മിലടിപ്പിച്ചെന്ന് മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി. ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാരിന് സാവകാശം തേടാമായിരുന്നു.

ബിജെപിക്കും ആര്‍എസ്എസിനും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് പിണറായി ഇതിലൂടെ നല്‍കിയത്. കോണ്‍ഗ്രസ് കൂടി ഈ കോഴിപ്പോരിലേക്ക് ചാടിയിരുന്നുവെങ്കില്‍ കേരളം കത്തിച്ചാമ്പലാവുമായിരുന്നുവെന്നും ആന്റണി പറഞ്ഞു.

അതുപോലെ പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വന്നുകൊണ്ട് നടത്തിയ പുനസംഘടന രാഹുല്‍ ഗാന്ധിയുടെ മാസ്റ്റര്‍ സ്‌ട്രോക്കാണെന്ന് പറഞ്ഞ ആന്റണി പുനസംഘടനയുടെ അലയൊലികള്‍ വൈകാതെ ഉണ്ടാവുമെന്ന് വ്യക്തമാക്കി.

എത്രയും വേഗം സര്‍ക്കാരിനെ താഴെ ഇറക്കുകയാണ് ലക്ഷ്യം. പുനസംഘടന ഇതിന് കരുത്ത് നല്‍കും. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായുള്ള കെസി വേണുഗോപാലിന്റെ നിയമനം സംഘടനയ്ക്ക് ഊര്‍ജം നല്‍കുമെന്നും ആന്റണി പറഞ്ഞു.

ആര്‍എസ്എസ് നിയന്ത്രിക്കുന്ന നരേന്ദ്രമോദിയുടെ ഭരണം അവസാനിപ്പിക്കണം. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാരിനെ താഴെയിറക്കണം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മോദി ഭരണം തല്ലി തകര്‍ത്ത ഇന്ത്യന്‍ സമൂഹത്തെ വീണ്ടും പരസ്പരവിശ്വാസത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ഇടമാക്കി മാറ്റണം.

ലോകത്തിലെ എല്ലാ ഭരണഘടനകളും പഠിച്ച ശേഷം നിരവധി വാദപ്രതിവാദങ്ങള്‍ക്കും ശേഷം ലോകത്തിനാകെ മാതൃകയാക്കി ഉണ്ടാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ഒന്നൊന്നായി ആര്‍എസ്എസ് തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെയെല്ലാം അടിവേര് ഇതിനോടകം ഇളക്കിയിട്ടുണ്ട് എന്നും ആന്റണി പറഞ്ഞു.

കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്നുള്ള വിമര്‍ശനങ്ങളെ ആന്റണി തള്ളിക്കളഞ്ഞു. കുടുംബാധിപത്യം എന്ന ആരോപണം ഇന്ദിരയുടെ കാലം മുതലുള്ളത്. ജനം ഇത് തളളിക്കളഞ്ഞതാണ്. രാഹുലില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണോ പ്രിയങ്കയെ കൊണ്ടുവന്നതെന്ന ചോദ്യത്തിന് പ്രിയങ്കയെ നിയമിച്ചത് രാഹുല്‍ ഗാന്ധിയുടെ മാത്രം തീരുമാനമാണെന്നായിരുന്നു ആന്റണിയുടെ മറുപടി.