കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കോ ?
ഇടുക്കി സീറ്റിനെസംബന്ധിച്ച് പാര്‍ട്ടിയിലുടലെടുത്ത പ്രതിസന്ധിക്കൊപ്പം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മകന്‍ ജോസ് കെ മാണിയെ എത്തിക്കാനുള്ള കെ എം മാണിയുടെ ശ്രമത്തിന് തടയിട്ടുകൊണ്ടാണ് പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ പിളര്‍പ്പിലേക്ക് നീങ്ങുന്നത്. കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ കെ.എം മാണിയുടെ മരുമകള്‍ നിഷയെ മത്സരിപ്പിക്കാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും ജോസഫ് വിഭാഗത്തിന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് ഈ തീരുമാനത്തില്‍ നിന്ന് കെ.എം മാണി പിന്മാറുകയാണുണ്ടായത്.
നിഷ ജോസ് കെ മാണി മത്സരിക്കുന്നില്ല എന്ന് പരസ്സ്യമായി പറയാതെ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കാസര്‍കോഡ് ആരംഭിക്ക്കുന്ന കേരള യാത്രയില്‍ പങ്കെടിക്കില്ലെ എന്ന തീരുമാനത്തില്‍ ജോസഫ് വിഭാഗം ഉറച്ച് നിന്നു. ഇതോടെ കെ.എം. മാണി കേരള യാത്രയുടെ ജാഥാ ക്യാപ്റ്റന്‍ കൂടിയായ ജോസ് കെ മാണിയെക്കൊണ്ട് തന്നെ നിഷ മത്സരരംഗത്തുണ്ടാകില്ലെന്ന നിലപാട് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കേരളയാത്ര അവസാനിക്കുന്നതോടെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ അവരോധിക്കുന്നതില്‍ എതിര്‍പ്പുള്ള ജോസഫ് വിഭാഗത്തെ അനുനയത്തിലൂടെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് കെ.എം മാണി.
കേരളയാത്രയുടെ ഉദഘാടകനായി പി. ജെ ജോസഫ് പങ്കെടുക്കുന്നില്ലെന്ന ജോസഫ് വിഭാഗം നേതാക്കള്‍ തീരുമാനമെടുത്തതോടെ കെ. എം മാണി തൊടുപുഴയില്‍ പി. ജെ ജോസഫിന്റെ വീട്ടില്‍ നേരിട്ടെത്തി അനുനയിപ്പിക്കുകയാണുണ്ടായത്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള യാത്ര നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ജനുവരി 30 ന് ഗാന്ധി സ്റ്റഡി സെന്ററിന്റെ പേരില്‍ തിരുവനന്തപുരത്തു വെച്ച് ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് പി. ജെ ജോസഫ്. ഇതോടു കൂടി പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായം മറനീക്കി പുറത്ത് വരുകയാണ്. കേരള യാത്ര നടക്കുമ്പോള്‍ തന്നെ ജനുവരി 30 ന് തിരുവനന്തപുരത്തെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ജോസഫ് വിഭാഗം നേതാക്കള്‍. ജോസ് കെ മാണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിക്കാന്‍ മാത്രം നടത്തുന്ന കേരള യാത്ര എന്ന പ്രഹസനത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.
ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ജനാതിപത്യ കേരളാ കോണ്‍ഗ്രസ്സ് എല്‍.ഡി.എഫില്‍ ഘടക കക്ഷിയായി തുടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് ഇലക്ഷന് മുന്‍പ് പി. ജെ. ജോസഫ് നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം.