തൃശൂര്‍ സീറ്റും ; ശബരിമലയും ; ബിജെപി കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം
തൃശൂര്‍ സീറ്റിന്റെയും ശബരിമല സമരത്തിന്റെയും പേരില്‍ ബിജെപി കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ആര്‍ക്കു നല്‍കണമെന്നതിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. എ. എന്‍. രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി പി.കെ കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന ആവശ്യവുമായി വി. മുരളീധര വിഭാഗവും രംഗത്തുണ്ട്. ബിഡിജെഎസിന് കൊല്ലവും കോഴിക്കോടും നല്‍കിയാല്‍ മതിയെന്നും ബിജെപി യോഗത്തില്‍ നേതാക്കള്‍ നിലപാടെടുത്തു.
ബിജെപി സാധ്യത കല്‍പ്പിക്കുന്ന തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് എന്നീ അഞ്ചു സീറ്റുകള്‍ സംബന്ധിച്ചാണ് തര്‍ക്കം മുറുകുന്നത്. ഇതില്‍ ഏറ്റവും നിര്‍ണായകമാകുന്നത് തൃശ്ശൂര്‍ സീറ്റാണ്. കഴിഞ്ഞ തവണ മണലൂരില്‍ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതാണ് എ.എന്‍ രാധാകൃഷ്ണനുവേണ്ടി വാദിക്കുന്ന കൃഷ്ണദാസ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് ശ്രദ്ധനേടിയ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ വി. മുരളീധര പക്ഷവും ആവശ്യമുന്നയിക്കുന്നു.
അതുപോലെ ശബരിമല വിഷയവുമായി ബന്ധപ്പെട്ടായിരുന്നു പാര്‍ട്ടിയിലെ വിഭാഗീയത തര്‍ക്കമായി മാറിയത്. സെക്രട്ടറിയേറ്റിനു മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തു. ഈ സമരം ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയെ അപഹാസ്യമാക്കിയെന്നും മുരളീധരപക്ഷം വിമര്‍ശനമുന്നയിച്ചു. ശബരിമല സമരത്തില്‍ ഒരു വിഭാഗം നേതാക്കള്‍ നിസഹകരിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം, ശബരിമല സമരം വന്‍ വിജയമായിരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അവകാശപ്പെട്ടു.