ബന്ധുനിയമന വിവാദം : കെ ടി ജലീലിനെതിരെ പുതിയ ആരോപണം

സിപിഎമ്മിനെതിരെ പുതിയ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത്. സി പി എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രനെ അനധികൃത നിയമിച്ചത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അറിവോടെയാണെന്ന് ഫിറോസ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇക്കാര്യം പറഞ്ഞ് കെ ടി ജലീല്‍ സി പി എമ്മിനെ ഭീഷണിപ്പെടുത്തുന്നുവെന്നും ഫിറോസ് ആരോപിച്ചു. കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധു ഡി എസ് നീലകണ്ഠനെ ഇന്‍ഫര്‍മേഷന്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ടറായാണ് നിയമിച്ചത്. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയാണെന്ന് ഫിറോസ് പറഞ്ഞു. 1,10,000 രൂപ പ്രതിമാസശമ്പളം നല്‍കിയാണ് നിയമനം. സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും അനുമതിയില്ല.

കെ.ടി. ജലീല്‍ അറിയാതെ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എം.കെ. രാഘവനും അന്നത്തെ വകുപ്പ് സെക്രട്ടറിയും നിലവില്‍ കോഴിക്കോട് ജില്ലാ കളക്ടറുമായ സാംബറാവു ഐ.എ.എസും ചേര്‍ന്നാണ് ഈ നിയമനം നടത്തിയതെന്നും ഫിറോസ് ആരോപിക്കുന്നു. സി.പി.എം. നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരനും സിപിഐ നേതാവുമായ ദാമോദരന്‍ നായരുടെ മകനാണ് ഡി.എസ് നീലകണ്ഠന്‍.

നേരത്തെ കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.കെ. രാഘവന്‍ മുഖേനയാണ് ഈ നിയമനം നടത്തിയത്. ഇക്കാര്യത്തില്‍ കോടിയേരിയും ഇടപെട്ടിരുന്നു. തന്റെനേരെ ബന്ധുനിയമന വിവാദം ഉയര്‍ന്നപ്പോള്‍ ഈ അനധികൃത നിയമനം ചൂണ്ടിക്കാട്ടിയാണ് കെ.ടി. ജലീല്‍ കോടിയേരിയെ ബ്ലാക്ക് മെയില്‍ ചെയ്തത്. അതിനാലാണ് പാര്‍ട്ടി ജലീലിനെ സംരക്ഷിച്ചത്- പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.