കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം പോലീസ് ഒളിച്ചുകളിക്കുന്നു എന്ന് മാതാപിതാക്കള്‍

കോന്നിയില്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പോലീസ് ഒളിച്ചുകളിക്കുന്നു എന്ന് കുട്ടികളുടെ മാതാപിതാക്കള്‍. കുട്ടികള്‍ ആത്മഹത്യ ചെയ്തതായതിനാല്‍ കേസില്‍ നിന്ന് പിന്‍മാറണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെന്ന് മരിച്ച ആതിരയുടെ പിതാവ് രാമചന്ദ്രന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ അന്വേഷണം കോടതി നിരസിച്ചെങ്കിലും നിയമപോരാട്ടം തുടരാനാണ് രക്ഷിതാക്കളുടെ നീക്കം.

നിലവില്‍ തിരുവല്ല ക്രൈംബ്രാഞ്ചിന്റെ കൈയിലാണ് കേസ് ഫയലുള്ളത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ആയിരുന്നു ഈ കേസ് മുമ്പ് അന്വേഷിച്ചിരുന്നത്. കുട്ടികളുടെത് ആത്മഹത്യയാണെന്നും അതിനാല്‍ കേസില്‍ നിന്ന് പിന്‍മാറണമെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞതായാണ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞത്.

പെണ്‍കുട്ടികളുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം ഹൈക്കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്ലസ്ടുവിന് മാര്‍ക്ക് കുറയുമോ എന്ന്! വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ടായിരുന്നു ‘: പത്താം ക്ലാസില്‍ മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ പിന്നീട് പഠനത്തില്‍ പിറകോട്ട് പോയതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പക്ഷെ പൊലീസ് നല്‍കിയത് മുഴുവനും തെറ്റായ റിപ്പോര്‍ട്ടാണെന്നും ആര്‍ക്കൊ വേണ്ടി കേസ് അവസാനിപ്പിക്കുകയാണെന്നും ആണ് ബന്ധുക്കളുടെ പ്രതികരണം. അങ്ങിനെ എങ്കില്‍ ചുരുളഴിയാത്ത ദുരൂഹ മരണക്കളുടെ പട്ടികയില്‍ കോന്നി പെണ്‍കുട്ടികളുടെ മരണവും ഇടം പിടിക്കും. 24 ന്യൂസാണ് വാര്‍ത്ത പുറത്തു വിട്ടത്.