2013 ലും മുനമ്പത്ത് മനുഷ്യക്കടത്ത് നടന്നിരുന്നു എന്ന് വെളിപ്പെടുത്തല്‍

കൊച്ചി മുനമ്പത്ത് മുന്‍പും മനുഷ്യക്കടത്ത് നടന്നതായി പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ വെളിപ്പെടുത്തല്‍. 2013 ല്‍ മനുഷ്യക്കടത്ത് നടന്നതായി കേസിലെ പ്രതി പ്രഭുവാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. മുനമ്പത്ത് നിന്ന് 70 പേര്‍ മത്സ്യബന്ധന ബോട്ടില്‍ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലെത്തി എന്നും അഭയാര്‍ത്ഥി വിസയില്‍ രണ്ടരവര്‍ഷം ജോലിചെയ്ത ഇവരെ രണ്ടര വര്‍ഷത്തിന് ശേഷം അധികൃതര്‍ പിടികൂടി തിരിച്ചയച്ചെന്നും പ്രഭു പൊലീസിന് മൊഴി നല്‍കി.

ഇതിന് ശേഷം പലതവണ മുനമ്പത്തുനിന്നും മനുഷ്യക്കടത്തിന് ശ്രമം നടന്നിട്ടുണ്ടെന്നും പ്രഭു മൊഴി നല്‍കി. മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. മുനമ്പത്തു നിന്നും കഴിഞ്ഞ ഇടക്ക് 110 പേര്‍ ഓസ്ട്രേലിയയിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ 22 പേര്‍ കുട്ടികളും 20 പേര്‍ സ്ത്രീകളുമാണ്. ഓസ്ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപ് ലക്ഷ്യമാക്കിയാണ് സംഘം കടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിന് മുന്‍പ് മൂന്ന് തവണ മുനമ്പത്തു നിന്നും മനുഷ്യക്കടത്ത് നടന്നതായാണ് പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് 2013 ല്‍ നടന്ന മനുഷ്യക്കടത്തിനെക്കുറിച്ച് പ്രഭു വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹിയില്‍വെച്ചാണ് പ്രഭുവിനെ പൊലീസ് പിടികൂടിയത്. പ്രഭുവിനൊപ്പം ദീപക്കിനേയും പൊലീസ് അറസറ്റ് ചെയ്തിരുന്നു. യാത്രയ്ക്കുള്ള പണം തികയാത്തതിനാല്‍ മടങ്ങുന്നതിനിടെയായിരുന്നു ഇരുവരും പിടിയിലായത്.

ഡല്‍ഹിയില്‍ നിന്നും 71 പേരെ മുനമ്പത്ത് എത്തിച്ചതിന് പിന്നില്‍ പ്രഭുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തിയേക്കും. ഇവരില്‍ 19 പേര്‍ക്ക് ബോട്ടില്‍ കയറാനായില്ല. ഇത്തവണയും ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ബോട്ട് യാത്ര തിരിച്ചിട്ടുള്ളത്.