പദ്ധതിവിഹിതം ചിലവഴിക്കാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകള്‍ മയക്കത്തില്‍
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേ കേരള സര്‍ക്കാരിന്റെ പ്രധാന വകുപ്പുകള്‍ പദ്ധതിവിഹിതത്തില്‍ ആകെ ചിലവഴിച്ചത് മൂന്നിലൊന്ന് തുകമാത്രമെന്ന് റിപ്പോര്‍ട്ട്.
പദ്ധതി വിഹിത ചെലവഴിക്കലില്‍ തദ്ദേശസ്വയം ഭരണം, ജലവിഭവം, റവന്യൂ, ആഭ്യന്തരം- വിജിലന്‍സ് എന്നിവ വളരെ പിന്നിലാണ്. ആകെ 2322 കോടി രൂപ പദ്ധതി വിഹിതം ഉണ്ടായിരുന്ന തദ്ദേശസ്വയംഭരണം വകുപ്പ് അതില്‍ ചെലവിട്ടത് 641 കോടി രൂപ . അതായത് വിഹിതത്തിന്റെ 27 ശതമാനം മാത്രം. 1595 കോടി വിഹിതമുണ്ടായിരുന്ന ജലവിഭവ വകുപ്പ് ചെലവിട്ടത് 580 കോടി രൂപയാണ്.
വിഹിതത്തിന്റെ 36 ശതമാനം. 301 കോടി വിഹിതമുണ്ടായിരുന്ന ആഭ്യന്തര വകുപ്പ് ചെലവിട്ടത് 77 കോടിയാണ്, ആകെ ചെലവാക്കിയത് 25 ശതമാനം തുകമാത്രം. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്ന് പാദങ്ങള്‍ പിന്നിട്ടതോടെ 60 ശതമാനം പദ്ധതി വിഹിതം പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍, മൂന്നിലൊന്ന് മാത്രം പദ്ധതി വിഹിതം ചെലവാക്കാനായ വകുപ്പുകള്‍ക്ക് പദ്ധതി പൂര്‍ത്തികരണത്തിന് ഇനി കൂടുതല്‍ സമയം ലഭിക്കുക ബുദ്ധിമുട്ടാണ്.
എന്നാല്‍, പൊതുമരാമത്ത്, തുറമുഖം, തൊഴില്‍, ന്യൂനപക്ഷ ക്ഷേമ എന്നീ വകുപ്പുകള്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയുണ്ടായി. പദ്ധതി വിഹിതത്തിന്റെ 98 ശതമാനം തുറമുഖ വകുപ്പ് ചെലവിട്ടപ്പോള്‍, പൊതുമരാമത്ത് 93 ശതമാനവും തൊഴില്‍ വകുപ്പ് വിഹിതത്തിന്റെ 83 ശതമാനവും ചെലവിട്ടു.
അതേസമയം ബജറ്റിന് ശേഷം ഒരുപക്ഷേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരികയാണെങ്കില്‍ പദ്ധതി ചെലവാക്കലില്‍ കൂടുതല്‍ വര്‍ദ്ധനയുണ്ടാകാന്‍ സാധ്യതയില്ല. ആകെ വിഹിതത്തിന്റെ 20 ശതമാനം തുക പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി മാറ്റിയിരുന്നു.