അണക്കെട്ട് തകര്‍ന്ന് 40 മരണം; 300 ലേറെപ്പേരെ കാണാതായി

ബ്രസീലില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 40 ആയി. അപകടത്തില്‍ 300 ഓളം പേര്‍ ഒഴുകിപ്പോയി. അതേസമയം കുത്തിയൊലിച്ചുവരുന്ന ചെളിയിലും വെള്ളത്തിലും വീടുകളും വാഹനങ്ങളും ഒഴുകി പോയി. അപകടം അറിഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കൂടുതല്‍ പേര്‍ മരണമടഞ്ഞത്. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബെലോ ഹൊറിസോണ്ടെ നഗരത്തിനടുത്തുള്ള ഖനന കമ്പനിയായ വലെയുടെ ഖനിയിലുള്ള ഡാമാണു വെള്ളിയാഴ്ച തകര്‍ന്നത്.

ഡാമില്‍ നിന്ന് ഒഴുകിയെത്തിയ ലക്കക്കണക്കിന് ടണ്‍ ചെളിയില്‍ ജനങ്ങളെ കാണാതാകുകയായിരുന്നു. പ്രദേശത്തെ റോഡ്, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ചെളിക്കടിയിലായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണു പ്രദേശത്തു തിരച്ചില്‍ നടത്തുന്നത്. ചെളിയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതു തുടരുകയാണ്. മരണസംഖ്യ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും ആകുമെന്നാണു വിവരം.

വേല്‍ കമ്പനിക്കു കീഴിലുള്ള ഖനിത്തൊഴിലാളികളാണു കാണാതായ 300 പേരെന്നുമാണു കരുതുന്നത്. അപകടത്തില്‍ 170 പേരെ ഇതുവരെ രക്ഷിച്ചു. ഇതില്‍ 23 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബ്രസീല്‍ പ്രസിഡന്റ് ജയ്ര്! ബോല്‍സോനാറോ അപകട സ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍നിന്നു രക്ഷപ്പെട്ടവര്‍ക്കായി എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. നീതി ഉറപ്പാക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം 1000 ട്രൂപ്പ് സൈനികരാണു പ്രദേശത്തു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജയ്ര്! ബോല്‍സോനാറോ അധികാരമേറ്റശേഷം ബ്രസീല്‍ നേരിടുന്ന ആദ്യ ദുരന്തമാണ് ഇത്. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണു ഡാം അപകടത്തെ വിലയിരുത്തുന്നത്. 42 വര്‍ഷം പഴക്കമുള്ള ഡാമാണു തകര്‍ന്നത്. ഉയരം 282 അടി. ഡാമിന്റെ സുരക്ഷാ പരിശോധനകള്‍ അടുത്തിടെ നടത്തിയിരുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.