പാര്‍ട്ടി ഓഫീസില്‍ കയറി ; ചൈത്ര തെരേസാ ജോണിനെതിരെ വിട്ടുവീഴ്ചക്കില്ലെന്ന് സിപിഎം ; എഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ

പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രതികളെ പിടികൂടാന്‍ പാര്‍ട്ടി ഓഫീസില്‍ റെയിഡ് നടത്തിയ ഡിസിപി ചൈത്ര തെരേസാ ജോണിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഉറച്ച് സിപിഎം ജില്ലാ നേതൃത്വം. റെയിഡിന്റെ സാഹചര്യത്തെ കുറിച്ചും ചൈത്രയുടെ നടപടിയെ കുറിച്ചും അന്വേഷിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടില്‍ സിപിഎം ജില്ലാ നേതൃത്വം ഉറച്ച് നില്‍ക്കുന്നത്.

ഒഴിവാക്കാമായിരുന്ന നടപടിക്ക് ഉദ്യോഗസ്ഥ മുതിര്‍ന്നെന്ന് മാത്രമല്ല, പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളെ ആരെയും റെയിഡിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് കണ്ടെത്താനായില്ലെന്നുമാണ് നേതാക്കള്‍ പറയുന്നു. എവിടെ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയിഡിനെത്തിയതെന്ന് ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

തിരുവനന്തപുരം മെഡിക്കല്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരേസ ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്.

ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പോക്‌സോ കേസില്‍ പിടിയിലായ 2 സഹപ്രവര്‍ത്തകരെ കാണാന്‍ അനുവദിച്ചില്ലന്നാരോപിച്ച് അമ്പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഭവങ്ങളുടെ തുടക്കം.

ഇതിലെ പ്രതികളെ തിരഞ്ഞാണ് ഡി സി പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം മേട്ടുക്കടയിലെ സി പി എം ജില്ലാ ഓഫീസില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ ആഭ്യന്തരവകുപ്പ് ചൈത്രയോട് വിശദീകരണം തേടിയിരുന്നു. പിന്നാലെ ചൈത്രയെ ഡിസിപി ചുമതലയില്‍ നിന്നൊഴിവാക്കി വനിതാ സെല്ലിലേക്ക് മടക്കി അയക്കുകയും ചെയ്തു.

അതേസമയം ഉദ്യോഗസ്ഥക്കെതിരെ നടപടി എടുക്കുന്നതില്‍ പൊലീസ് സേനക്ക് കടുത്ത അതൃപ്തിയുണ്ട്. ഡിജിപി വിശദീകരണം ചോദിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈത്ര തെരേസ ജോണിനെ നേരിട്ട് വിളിപ്പിക്കുകയും ചെയ്ത ശേഷമാണ് സംഭവത്തില്‍ അന്വേഷണം നടക്കുന്നത്. താന്‍ ചെയ്തത് കൃത്യനിവ്വഹണം മാത്രമാമെന്ന് ചൈത്ര തെരേസ ജോണ്‍ വിശദീകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത നടപടിയിലേക്ക് കടന്നാല്‍ അത് ഉദ്യോഗസ്ഥയുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലാകുമെന്നാണ് പൊലീസ് സേനയിലെ പൊതുവികാരം.

പൊലീസ് സേനക്കകത്ത് മാത്രമല്ല ചൈത്ര തെരേസ ജോണിനെതിരായ നീക്കങ്ങള്‍ പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയാണ്. കടുത്ത നടപടിക്ക് മുതിര്‍ന്നാല്‍ അത് സര്‍ക്കാറിനും ഭരണകക്ഷിയായ സിപിഎമ്മിനും എതിരായ വികാരം ശക്തമാക്കുമെന്ന വിലയിരുത്തലും ഉണ്ട് . പാര്‍ട്ടിയെ അപമാനിക്കാനും പ്രതിപക്ഷത്തെ സഹായിക്കാനുമാണ് ഡിസിപി റെയ്ഡ് നടത്തിയതെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

ജില്ല കമ്മിറ്റി ഓഫീസ് റെയ്ഡ് മര്യാദകെട്ട നടപടിയെന്നും പ്രതിപക്ഷത്തിന് വടി നല്‍കലായിരുന്നു ചൈത്രയുടെ ലക്ഷ്യമെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചത്.