കാരുണ്യ ഹസ്തവുമായി കേളി ചാരിറ്റി ഗാല നടത്തി

ജേക്കബ് മാളിയേക്കല്‍

സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കിയ ചാരിറ്റി ഷോ വന്‍ വിജയമായി. ജനുവരി 27ന് ഞായറാഴ്ച സൂറിച്ച് വെറ്റ്‌സിക്കോണിലെ കത്തോലിക്കാ ദേവാലയ ഹാളിലാണ് വിപുലമായ ചാരിറ്റി ഗാല അരങ്ങേറിയത്. കേരളത്തിലെ വിവിധ പുനര്‍നിര്‍മ്മാണ പദ്ധതികളില്‍ സജീവസാന്നിധ്യമാണ് സ്വിറ്റ്സര്‍ലണ്ടിലെ മലയാളികളുടെ ഈ കൂട്ടായ്മ.

വിഭവ സമൃദ്ധമായ ഡിന്നറും ബോളിവുഡ് നൃത്തങ്ങളും ഭാരതീയ ക്ളാസിക്കല്‍ നൃത്തങ്ങള്‍ക്ക് പുറമെ കൈകോര്‍ത്ത സന്ധ്യയില്‍ കേളിയുടെ വിവിധ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. മുന്നൂറോളം സ്വിസ് അതിഥികള്‍ പങ്കെടുത്ത് കേളിയുടെ പദ്ധതികള്‍ക്ക് പിന്തുണയേകി.

കേരളം കണ്ട മഹാപ്രളയ ദുരന്തനിമിഷം മുതല്‍ കാരുണ്യ ഹസ്തവുമായി കേളി മുന്‍നിരയില്‍ ഉണ്ട്. വീടുകള്‍ വച്ച് നല്‍കുക കൂടാതെ സ്‌കൂളുകളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കേളി നടത്തുന്നു. ജന്മനാട്ടിലെ മുഖ്യധാരാസമൂഹത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അശരണര്‍ക്കുമായി കേളി കഴിഞ്ഞ 20 വര്‍ഷങ്ങളായി നിരവധി പദ്ധതികള്‍ ചെയ്തു വരുന്നു.

ലോകമനസാക്ഷിയെപ്പോലും ഞെട്ടിച്ച പ്രളയദുരന്തങ്ങള്‍ക്ക് പ്രധാന സാക്ഷ്യം വഹിച്ച കോട്ടയത്തും തീരദേശ മേഖലയിലും രണ്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഇടുക്കിയിലാണ് മൂന്നാമത്തെ ഭവനം നിര്‍മ്മിച്ചു നല്‍കുന്നത്. പുനര്‍നിര്‍മാണ പ്രക്രിയയില്‍ ഇടുക്കിയിലും കുട്ടനാട്ടിലെയും തകര്‍ന്ന് പോയ വിദ്യാലയങ്ങള്‍ക്ക് ഓരോ നൂതന സാങ്കേതിക ലൈബ്രറി കൂടി നിര്‍മ്മിച്ചു നല്‍കും.

കേളിയുടെ സാമൂഹ്യ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്ന എല്ലാ സുമനസ്സുകള്‍ക്കും കേളി പ്രസിഡണ്ട് ബെന്നി പുളിക്കല്‍ നന്ദി പറഞ്ഞു.

കേളിയുടെ സാമൂഹ്യ സേവന വിഭാഗം ഒരുക്കുന്ന ഈ വര്‍ഷത്തെ അടുത്ത ചാരിറ്റി ഷോകള്‍ ജൂണ്‍ മുപ്പതിന് സൂറിച്ച് വാല്‍ഡിലും ഒക്ടോബര്‍ ഇരുപത്തിആറിന് സൂറിച്ച് ഹോര്‍ഗനിലും നടത്തുന്നതാണ്.