വിവാദങ്ങളില്‍ കുടുങ്ങി ; നടി അമ്പിളി ദേവിയുടെ പുനര്‍വിവാഹം

സീരിയല്‍ നടി അമ്പിളി ദേവിയുടെ പുനര്‍വിവാഹവിവാദം അവസാനിക്കുന്നില്ല. അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് അമ്പിളി ദേവിയും ഇപ്പോഴത്തെ ഭര്‍ത്താവും മറുപടിയുമായി രംഗത്ത് വന്നത് പുതിയ വിവാദങ്ങള്‍ക്ക് കാരണമായി. താനും അമ്പിളിയും തമ്മില്‍ പിരിയാന്‍ കാരണം ആദിത്യനാണെന്ന് ആദ്യ ഭര്‍ത്താവ് ലോവല്‍.

ആദിത്യന് അമ്പിളിയെ നേരത്തെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ. അത് എന്നോട് മുമ്പ് പറഞ്ഞിട്ടുള്ളതുമാണ്. അത് കഴിയാതെ വന്നപ്പോള്‍ എന്നെ കുറിച്ച് അപവാദ പ്രചരണങ്ങള്‍ നടത്തി എന്നും ലോവല്‍ പറയുന്നു. എന്റെ മകന് എന്നോട് വലിയ അടുപ്പമായിരുന്നു എന്നാല്‍ ഇപ്പോള്‍ എന്നെ മകനില്‍ നിന്ന് അകറ്റി. മാസത്തില്‍ മൂന്ന് ദിവസം എന്റെ അടുത്ത് കുഞ്ഞിനെ നിറുത്തണമെന്നാണ് കോടതി വിധി.

എന്നാല്‍ അഞ്ച് മിനിറ്റ് പോലും എന്റെ കൂടെ നിറുത്താറില്ല. എന്നെ കണ്ടാല്‍ തന്നെ കുഞ്ഞിന് പേടിയാണ്. അത്തരത്തില്‍ കുട്ടിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വച്ചിരിക്കുകയാണ്.കുഞ്ഞ് വഴിയാണ് ആദിത്യന്‍ അമ്പിളിയുമായി അടുത്തത്. എന്നെ കുറിച്ച് മോശമായ കഥകള്‍ പറഞ്ഞ് കൊടുക്കുകയും ചെയ്തു. അമ്പിളിയുടെ മനസില്‍ വിഷം കുത്തി വച്ചു. അടുത്തിടെ അമ്പിളിയെ ഗുണ്ടകളെ വിട്ട് ആക്രമിച്ചു. അതിന് പിന്നില്‍ ആദിത്യനാണ് എന്നാല്‍ അത് ഞാനാണെന്നാണ് അമ്പിളിയെ ധരിപ്പിച്ച് വച്ചിരിക്കുന്നത്.

അമ്പിളിയുടേയും ആദിത്യന്റേയും വിവാഹകാര്യം വിവാഹത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ഞാന്‍ അറിഞ്ഞിരുന്നു, അത് അറിഞ്ഞപ്പോള്‍ തന്നെ അമ്പിളിയുടെ അച്ഛനെ വിളിച്ചു. അച്ഛന്‍ അത് കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ വച്ചു. അതിന് പിന്നാലെ ചിലര്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ലോവല്‍ പറയുന്നു.


അതേസമയം മകന്റെ വയസ് പോലും ലോവലിന് അറിയില്ലെന്ന് അമ്പിളി ദേവി പറയുന്നു. അഞ്ച് വര്‍ഷമായി ഞങ്ങള്‍ പിരിഞ്ഞ് താമസിക്കുകയാണ്. 2018ജനുവരിയില്‍ നിയമപരമായി പിരിയുകയും ചെയ്തു. ഇന്നലെയായിരുന്നു മകന്റെ പിറന്നാള്‍. അത് ലോവലിന് അറിയുകപോലും ഇല്ല.

അവന്റെ പിറന്നാള്‍ പോലും ഓര്‍മ്മയില്ലാത്ത ലോവലിന് എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. അവന് ഏഴ് വയസ്സായെന്നാണ് ലോവല്‍ എല്ലാവരോടും പറയുന്നത്. അവന് ആറ് വയസ്സായിട്ടേയുള്ളൂ.

ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞശേഷം അവനെ വിളിക്കാനോ ആശംസ അറിയിക്കാനോ ലോവല്‍ മെനക്കെട്ടില്ല. 2500രൂപ മാസം മകന് ചെലവിന് നല്‍കാന്‍ വിധിയുണ്ട്. അത് പോലും വല്ലപ്പോഴുമാണ് തരുന്നത്. ഒന്നിച്ച് പോകാന്‍ യാതൊരു നിവൃത്തിയും ഇല്ലാത്ത സമയത്താണ് പിരിഞ്ഞത്.

പലരും ആദിത്യനുമായുള്ള എന്റെ വിവാഹ ശേഷമാണ് ഞാന്‍ വിവാഹ മോചിതയാണെന്ന് തന്നെ അറിഞ്ഞത്. ഞാനായി ഒരു പ്രശ്‌നവും ഉണ്ടാക്കേണ്ടെന്ന് കരുതിയാണ് ഒന്നും പറയാതെ ഇരുന്നത്. ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ് വിവാഹ മോചനം നേടിയത് എന്നും അമ്പിളി ദേവി പറയുന്നു.

ആദിത്യനുമായുള്ള എന്റെ വിവാഹം കേവലം മൂന്ന് ആഴ്ച കൊണ്ട് നടന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആദിത്യന്റെ വീട്ടുകാരുമായി എന്റെ കുടുംബത്തിന് അടുപ്പമുണ്ട്. ഇരുവര്‍ക്കും ഒറ്റയ്ക്ക് കഴിയുന്ന സാഹചര്യത്തില്‍ വീട്ടുകാര്‍ തന്നെ മുന്‍കൈ എടുത്താണ് വിവാഹം നടത്തിയത്.

മകന് ആദിത്യനോട് നല്ല അടുപ്പമാണ്. ഇതും വിവാഹത്തിന് കാരണമാണ്, ലോവല്‍ സ്‌നേഹം കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ ആദിത്യന്‍ മകന് നല്‍കിയിട്ടുണ്ട്. ആദിയത്യനെ എനിക്ക് നന്നായി അറിയാം. പൂര്‍ണ്ണമായും മനസിലാക്കിയത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത് തന്നെ എന്നും അമ്പിളി ദേവി പറയുന്നു.

എന്നാല്‍ തന്റേയും അമ്പിളി ദേവിയുടേയും വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ അമ്പിളി ദേവിയെ ഉന്നം വച്ചുള്ളതല്ലെന്ന് നടന്‍ ഭര്‍ത്താവുമായ ആദിത്യന്‍. ആ ആക്രമണങ്ങള്‍ എനിക്ക് എതിരെ നടക്കുന്നതാണ്. എന്നോട് ശത്രുതയുള്ളവരാണ് അതിന്റെ പിന്നില്‍. തങ്ങളുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവലിന്റെ വീഡിയോയുടേയും ലക്ഷ്യം താനാണെന്നും ആദിത്യന്‍ പറഞ്ഞു.

ഞാന്‍ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങള്‍. ഇതിനെല്ലാം പിന്നില്‍ സീരിയല്‍ രംഗത്തെ ഒരു നിര്‍മ്മാതാവാണ്. ഇയാള്‍ക്കെതിരെയുള്ള ചില വാര്‍ത്തകളും തെളിവുകളും എന്റെ കയ്യിലുണ്ട് ഇനിയും ഇത്തരം കുപ്രചരങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം പുറത്ത് വിടുമെന്നും ആദിത്യന്‍ പറഞ്ഞു.