ബാലഭാസ്ക്കറിന്റെ മരണം ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണത്തില്‍ ദുരൂഹത ഉണ്ടെന്നു കാട്ടി ബാല ഭാസ്ക്കറിന്റെ അച്ഛന് സി കെ ഉണ്ണി നൽകിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ബാലഭാസ്കറിന്റെ അച്ഛൻ പരാതിയിൽ ആവശ്യപ്പെട്ടത്. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയില്ല എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്റെ നിഗമനം.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ ശരിയല്ലെന്ന് അദ്ദേഹത്തിന്റെ അച്ഛൻ ആരോപിച്ചിരുന്നു. മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാലഭാസ്കറിന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ കൂടുതൽ കേസുകളിൽ പ്രതിയാണെന്നും മകന്റെ മരണം സംഭവിച്ചത് കരുതി കൂട്ടി നടത്തിയ അപകടത്തിൽ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമെന്നുമാണ് സി കെ ഉണ്ണിയുടെ ആരോപണം.
സെപ്തംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. മകള്‍ തേജസ്വിനി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്. ഭാര്യ ഗുരുതര പരിക്കുകളുമായി രക്ഷപ്പെടുകയായിരുന്നു.