പ്രളയ ദുരന്തം ഡബ്ലിന്‍ സീറോ മലബാര്‍ സഭ 4.179 മില്യണ്‍ രൂപ കൈമാറി
ഡബ്ലിന്‍: കേരളത്തിലെ പ്രളയം ദുരന്തം ബാധിച്ച മേഖലകളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ 41,79,270 രൂപയുടെ സഹായം കൈമാറി. ഇടുക്കി, ചങ്ങനാശ്ശേരി, എറണാകുളം, ഇരിഞ്ഞാലക്കുട മേഖലകളിലെ 40 കുടുബങ്ങള്‍ക്കാണ് 1 ലക്ഷം രൂപയുടെ സഹായഹസ്തം നല്‍കിയത്. അതാത് രൂപതകളില്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ വഴിയാണ് ജാതി മത ഭേദമന്യേ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ചത്. കൂടാതെ, 179,270 രൂപയുടെ നേരിട്ടുള്ള സഹായങ്ങളും.
വിവിധ മാസ്സ് സെന്ററുകളിലെ ഒരു ദിവസത്തെ ഞായറാഴ്ച്ച പിരിവ്, കേക്ക് സെയില്‍, ടിന്‍ കളക്ഷന്‍, നാടകം, റെക്‌സ്ബാന്‍ഡ് ഷോ, സ്‌നേഹപൊതി, ഐറിഷ് പള്ളികളില്‍ ബക്കറ്റ് കളക്ഷന്‍ തുടങ്ങി വിവിധ പദ്ധതികളിലൂടെ സമാഹരിച്ച തുകയാണിത്. ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതികളാണ് നടപ്പില്‍ വരുത്തികൊണ്ടിരിക്കുന്നത്.
എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് ഈ പദ്ധതിയുടെ വിജയത്തിന്റെ പിന്നിലെന്നും, ഈ പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച, സഹകരിച്ച ഏവരേയും നന്ദിയോടെ ഓര്‍ക്കുന്നതായും, ശേഖരിച്ച ഓരോ നാണയത്തുട്ടും പല കുടുംബങ്ങളുടെയും സ്വപ്നം പൂവണിയുവാന്‍ സഹായകരമാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും ഡബ്ലിന്‍ സീറോ മലബാര്‍ സഭാ നേതൃത്വം അറിയിച്ചു.