ഓര്‍മ്മ ദിനത്തില്‍ ഗാന്ധിജിയെ വീണ്ടും ‘വെടിവച്ച്’ ഹിന്ദു മഹാസഭാ (വീഡിയോ)

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗോഡ്‌സെക്ക് ജയ് വിളിച്ച് മഹാത്മാ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ് കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായുംചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

വെടിയുതിര്‍ക്കുന്നതായി അഭിനയിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍.

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നെ നേരത്തെ ശൗര്യ ദിവസ് എന്ന പേരിലായിരുന്നു ഹിന്ദുമഹാ സഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മധുരവിതരണവും നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നേരത്തെ സംഘടന നടത്തിയിവന്നിരുന്നു. ഇതിന് പിറകെയാണ് ഇത്തവണ ഗാന്ധിജിയുടെ കോലത്തെ വെടിവനയ്ക്കുന്നതുള്‍പ്പെടെയുള്ള പരിപാടികളുമായി സംഘടന രംഗത്തെത്തിയത്.വെടിവെച്ച ശേഷം കോലത്തിനെ കത്തിക്കുന്നുമുണ്ട് പ്രവര്‍ത്തകര്‍.

വെടി ഉതിര്‍ക്കുന്ന സമയം അണികള്‍ മഹാത്മാ ഗോഡ്‌സെ കി ജയ് എന്ന് അഭിവാദ്യം മുഴക്കുന്നുണ്ടായിരുന്നു. നേരത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനം ഒന്നാം സ്വാതന്ത്ര്യസമരദിനം എന്ന പേരില്‍ സംഘപരിവാര്‍ ആചരിച്ചിരുന്നു.