ഓസ്ട്രിയയില്‍ ഐ.എന്‍.ഒ.സി ഭാരതത്തിന്റെ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

വിയന്ന: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഓസ്ട്രിയയിലെ പ്രവര്‍ത്തകര്‍ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. അമിത ലുഗര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് സിറോഷ് ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു.

നോയിബൌ ഡെപ്യൂട്ടി കളക്ടര്‍ ഗാലുസ് വോയ്ഗലെ മുഖ്യ അതിഥി ആയിരുന്നു. ഭാരതത്തിന്റെ ജനാധിപത്യ തത്വങ്ങളെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ഐ.എന്‍.ഒ.സി ഓസ്ട്രിയ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രത്യേക സന്ദേശം നല്‍കി. ‘ജനങ്ങളുടെ സ്വത്ത്’ എന്ന വിഷയത്തെ അദ്ദേഹം ഇന്ത്യയുടെ ഇന്നത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി വസ്തുതകള്‍ പങ്കുവച്ചു. പ്രസിഡന്റ് സിറോഷ് ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ പ്രസക്തിയെപ്പറ്റി സംസാരിച്ചു. റെഹാന്‍ ഖാന്‍, ജോയ്സ് എറണാകേരില്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

അബ്ദുല്‍ അസീസ് നന്ദി പറഞ്ഞ സമ്മേളനത്തില്‍ വിന്‍സെന്റ് തടത്തില്‍, ബിജു മാളിയേക്കല്‍, റിന്‍സ് നിലവൂര്‍, വിനു അഗസ്റ്റിന്‍, രവി ശങ്കര്‍, ദേവ് സിംഗ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.