ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്നും മാറ്റി

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും ടോമിന്‍ തച്ചങ്കരിയെ മാറ്റി. രാഷ്ട്രീയവിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് നീക്കിയത്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ മാറ്റാന്‍ തീരുമാനമെടുത്തത്. എം പി ദിനേശ് ഐഎഎസ്സിനാണ് പകരം ചുമതല.

സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ തച്ചങ്കരിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല. ഏറെ രാഷ്ട്രീയവിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റുന്നത്.

ശബരിമല സര്‍വീസ് മൂലം താല്‍ക്കാലിക ലാഭമുണ്ടാക്കിയെങ്കിലും കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികള്‍ ഇനിയും അവസാനിച്ചിട്ടില്ല. തൊഴിലാളി യൂണിയനുകളുമായി തച്ചങ്കരി ഒരു കാലത്തും നല്ല ബന്ധത്തിലായിരുന്നില്ല. ഹൈക്കോടതി ഉത്തരവ് മൂലം എം പാനല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടേണ്ടി വന്നതും തച്ചങ്കരിയുടെ കാലത്താണ്.

വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തില്‍ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

ഡ്യൂട്ടി പരിഷ്‌കരണം, വേതനപരിഷ്‌കരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. നേരത്തേ പണിമുടക്ക് പ്രഖ്യാപിച്ചിട്ടും തലേ ദിവസം മാത്രം ചര്‍ച്ച നടത്തിയതിന് ഹൈക്കോടതി തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ചു.

സമവായ ചര്‍ച്ചയില്‍ എംഡി ധിക്കാരപരമായാണ് പെരുമാറിയതെന്ന് യൂണിയനുകളും ആരോപിച്ചു. തുടര്‍ന്ന് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ താത്കാലികമായി പണിമുടക്ക് പിന്‍വലിച്ചത്.