പക വീട്ടാനൊരുങ്ങി പി. സി. ജോര്‍ജ്ജ്

 


രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടലുകളെ എന്നും തെറ്റിക്കാറുള്ള പി.സി ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള അടുത്ത കളിയുമായി ഗോദയിലിറങ്ങിയിരിക്കുകയാണ്. ചീഫ് വിപ്പ് സ്ഥാനവും, എം.എല്‍.എ സ്ഥാനവും തെറിപ്പിച്ച് ഒരു മുന്നണിയിലും, രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വവുമില്ലാതെയാക്കി ഇറക്കി വിട്ട കെ.എം. മാണി യെ മാണിയുടെ തന്നെ പാളയത്തിലെ തുറുപ്പു ഗുലാനെ ഇറക്കി പകരം വീട്ടാനൊരുങ്ങുകയാണ് പി. സി.

പാര്‍ലിമെന്റ് ഇലക്ഷന് മുന്നോടിയായുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും പരക്കം പാച്ചിലിനിടയില്‍ തികച്ചും വ്യത്യസ്തമായി ഒരു മുന്നണിയിലെ ഘടക കക്ഷിയിലെ പ്രബലനായ നേതാവിനെ തന്നെ കയ്യിലെടുത്ത് നിര്‍ണ്ണായകമായ കോട്ടയം, ഇടുക്കി, പത്തനംതിട്ട പാര്‍ലിമെന്റ് സീറ്റുകളെ മുന്‍ നിര്‍ത്തി വിലപേശലിന് തുടക്കമിടുകയാണ്.

ശബരിമല വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ കൃത്യമായ നിലപാടെടുത്ത പി. സി. എല്‍. ഡി.എഫു.മായി കൊമ്പുകോര്‍ത്തു. മതവിശ്വാസങ്ങളെ തകര്‍ക്കുന്ന നിലപാടിനെ തുടരെ തുടരെ വിമര്‍ശിച്ച് ശബരിമല സമരങ്ങളിലെല്ലാം തന്നെ ബി.ജെ.പി.യുമായി ചേര്‍ന്ന് നിന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരുവേള ബി.ജെ.പി. ക്കും എന്‍.ഡി.എ ക്കും എന്താ കുഴപ്പമെന്ന് വരെ ചോദിച്ച ജോര്‍ജ്ജ് നിയമസഭയിലടക്കം ശബരിമല വിഷയത്തില്‍ ബി.ജെ.പി ക്കൊപ്പമെന്ന നിലപാടുമായി മുന്നോട്ടുപോയി എന്‍.ഡി.എ യുമായി അടുക്കുന്നെന്ന തന്നലുളവാക്കി. ഇങ്ങനെയാണെങ്കിലും തന്റെ പിന്തുണ ശബരിമല വിഷയത്തില്‍ മാത്രമാണെന്ന് ജോര്‍ജ്ജ് അന്നും അടിവരയിട്ട് പറഞ്ഞിരുന്നു.

എന്നാല്‍ കേരളത്തില്‍ ഇലക്ഷന്‍ ചര്‍ച്ചകള്‍ മുന്നണികളില്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ പി.സി. കേരളത്തിലെ നേതാക്കളെയൊന്നും തന്നെ സമീപിക്കാതെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന കത്ത് നല്‍കി. കേരളത്തില്‍ ചര്‍ച്ച ചെയ്താല്‍ അത് കെ.എം മാണി തന്നെ മുന്നിട്ടിറങ്ങി ഉടക്കുമെന്നറിവിള്ളതുകൊണ്ടാണ് ഇപ്പോഴുള്ള ഡല്‍ഹി ഓപ്പറേഷന്‍. പി.സി യുടെ കണക്ക് കൂട്ടല്‍ തെറ്റിക്കാതെ കെ. എം. മാണി പി.ജെ ജോസഫിനെ മൂലയ്ക്കിരുത്തി മകന്‍ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തിക്കാന്‍ കേരളയാത്രയെന്നപേരില്‍ കളിയുമാരംഭിച്ചു.

നിലവിലെ സാഹചര്യത്തില്‍ പി. ജെ ജോസഫ് മാണിയെ വിട്ടിറങ്ങിയാല്‍ എല്‍.ഡി.എഫിലേക്കെന്നത് അത്ര എളുപ്പമാകില്ല എന്നാല്‍ പി.സി. യുമായി സഹകരിച്ചാല്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി പാര്‍ലമെന്റിലെ രണ്ടു പേരുടെയും ശക്തമായ രാഷ്ട്രീയ അടിത്തറ യു.ഡി എഫിന് മുന്നില്‍ തുറുപ്പ് ചീട്ടാക്കുകയും ചെയ്യാം. ഡല്‍ഹിയില്‍ പി.സി ക്കായി നിലപാടെടുത്തത് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം പി.ജെ ജോസഫുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. മകന്‍ ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റു അടിയറവു വെക്കെണ്ടിവന്നതിലും, കെ. എം. മാണിയുടെ സമ്മര്‍ദ്ദ രാഷ്ട്രീയത്തോട് വിയോചിപ്പുള്ളവരുമായ കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെയാണ് ഈ കളിക്ക് പിന്നിലും. യു.ഡി എഫില്‍ നിന്നുള്ള പ്രതികരണം അനുകൂലമായാലും പ്രതികൂലമായാലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ടുവന്ന ജോര്‍ജ്ജിനെ ഒരു രീതിയിലും അത് ബാധിക്കുകയുമില്ല.