സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഭാര്യ രംഗത്ത്
സിപിഎം നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യ സീന ഭാസ്‌കര്‍ രംഗത്ത്. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും തെറ്റായിരുന്നു. ബ്രിട്ടോയ്ക്ക് അവസാനനിമിഷങ്ങളില്‍ കൃത്യമായ പരിചരണം കിട്ടിയില്ലെന്നും സീന മാധ്യമങ്ങളോട് പറഞ്ഞു.
മരണത്തിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലും സംശയമുണ്ടെന്ന് സീന പറയുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ കാര്‍ഡിയാക്ക് പേഷ്യന്റാണെന്നാണ് പറയുന്നത്. ഇത് തെറ്റായ വിവരമാണ്. സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നില്ല. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്ത ഒരാള്‍ എങ്ങനെ ഹാര്‍ട്ട് പേഷ്യന്റായി എന്നറിയില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോയുടെ വയസ് തെറ്റായാണ് നല്‍കിയിരിക്കുന്നതെന്നും സീന പറഞ്ഞു.
തൃശ്ശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യാത്രയ്ക്കിടെയായിരുന്നു അദ്ദേഹം മരിച്ചത്. രാവിലെ മുതല്‍ അദ്ദേഹം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. ഇതിന് ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമായിരുന്നില്ല.
അവസാന നിമിഷങ്ങളില്‍ ബ്രിട്ടോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് ഇപ്പോഴും അറിയില്ല. എന്നാല്‍ ബ്രിട്ടോയെ കൊണ്ടുപോകാനെത്തിയ വാഹനത്തില്‍ ഓക്‌സിജനുണ്ടായിരുന്നില്ല. ഓക്‌സിജനുള്ള ആംബുലന്‍സ് വേണമെന്ന് ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് ഇല്ലാത്ത വാഹനമാണ് കൊണ്ടുവന്നതെന്നും സീന പറയുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണകളുള്ളയാളാണ് ബ്രിട്ടോയെന്നും ചിട്ടകളോടെയാണ് ജീവിച്ചിരുന്നതെന്നും സീന വ്യക്തമാക്കി.
കൂടെയുണ്ടായിരുന്നവര്‍ പല തരത്തിലാണ് ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് വിശദീകരണം നല്‍കുന്നത്. ആര്‍ക്കും കൃത്യമായ ഒരു ചിത്രം നല്‍കാനാകുന്നില്ല. എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചതെന്ന് തനിക്ക് അറിയാന്‍ അവകാശമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീന പറയുന്നു. സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ താന്‍ ഏറെ പഴികേള്‍ക്കേണ്ടിവന്നിരുന്നു.
ബ്രിട്ടോ അവസാന നിമിഷങ്ങളില്‍ ഏറെ സങ്കടപ്പെട്ടിരുന്നുവെന്നാണ് ചിലര്‍ പറഞ്ഞത്. താന്‍ ഉപേക്ഷിച്ചുപോകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നുവെന്ന് സൈമണ്‍ ബ്രിട്ടോ പറഞ്ഞതായി അവര്‍ പറഞ്ഞു. തനിക്ക് 46 വയസായി. മകള്‍ക്ക് 10 വയസും. അസുഖബാധിതനായ അവസ്ഥയില്‍ അദ്ദേഹത്തെ വിട്ട് എവിടെ പോകാനാണെന്നും സീന ചോദിക്കുന്നു. സൈമണ്‍ ബ്രിട്ടോ കൂടെയില്ല എന്ന യാഥാര്‍ത്ഥ്യത്തോട് ഇപ്പോഴും പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ല.
സൈമണ്‍ ബ്രിട്ടോയില്ലാത്ത ഈ ഒരു അവസ്ഥയില്‍ എന്ത് ചെയ്യണമെന്ന് അറിയില്ല. മന്ത്രി തോമസ് ഐസക്കിനോട് ഇക്കാര്യങ്ങള്‍ എല്ലാം ബോധ്യപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും സീന വ്യക്തമാക്കി. ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരിനെ സമീപിക്കും. അടുത്ത സുഹൃത്ത് കൂടിയായിരുന്ന ധനമന്ത്രി തോമസ് ഐസകിനെ കണ്ട് അന്വേഷണം ആവശ്യപ്പെടുമെന്നും സീന വ്യക്തമാക്കി.