അവസാന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജയം

പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെരഞ്ഞെടുപ്പില്‍ ഒരോ സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും വിജയിച്ചു. രാജസ്ഥാനിലും ഹരിയാനയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് ഇരുവരും ഒരുപോലെ ജയിച്ചത്. ഹരിയാനയിലെ ജിന്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിസ്ഥാനാര്‍ഥി വിജയിച്ചു. വോട്ടിംഗ് മെഷീനില്‍ കൃതിമം നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഇവിടെ വോട്ടിംഗ് വൈകിയിരുന്നു.

12935 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി കൃഷന്‍ മിഥന്‍ ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രന്ദീപ് സിങ് സുര്‍ജേവാലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ഇവിടെ ബിജെപി ജയിച്ചത്. ജനനായക് ജനതാ പാര്‍ട്ടിയുടെ നേതാവായ ദിഗ് വിജയ് സിംഗ് ചൗട്ടാലയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്.

അതേസമയം രാജസ്ഥാനിലെ രാംഗര്‍ഹില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. കോണ്‍ഗ്രസിനായി മത്സരിച്ച സാഫിയാ സുബൈര്‍ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാംഗറില്‍ നിന്നും വിജയിച്ചത്. ഈ ജയത്തോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം നൂറായി ഉയര്‍ന്നു.