തിരഞ്ഞെടുപ്പ് ; ബിജെപിയുടെ പരിഗണനയില്‍ മോഹന്‍ലാലും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് മോഹന്‍ലാലിനെ പരിഗണിക്കുമെന്ന് ബിജെപി. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ സ്ഥിരീകരിച്ചു. എന്‍ഡിടിവിയോടാണ് ഒ രാജഗോപാല്‍ ഈ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്.

‘ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.’ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഒ രാജഗോപാലിന്റെ ഈ വാക്കുകള്‍.

ബിജെപിയും മോഹന്‍ലാലും തമ്മില്‍ നല്ല അടുപ്പത്തിലാണ് എന്ന നിലയില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കേന്ദ്രത്തോട് വളരെയധികം മൃദുവായ സമീപനമാണ് മോഹന്‍ലാല്‍ ഇതുവരെ കാട്ടിയിരിക്കുന്നതും. വന്‍ ആരാധകവൃന്ദമുള്ള ലാലിന്റെ ആ ജനപ്രീതി തന്നെയാണ് ബിജെപി ലക്ഷ്യം വെക്കുന്നതും.