പാപ്പർ അപേക്ഷയുമായി അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ്
പാപ്പര്‍ അപേക്ഷ നല്‍കാനൊരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പണമില്ലെന്നും അതുകൊണ്ട് പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് തങ്ങള്‍ പോവുകയാണെന്നും വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ ടെലികോം നിരക്കുകള്‍ ഗണ്യമായി കുറച്ച് വിപ്ലവമുണ്ടാക്കിയ കമ്പനിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ്. എന്നാല്‍ പിന്നീട് കടക്കെണിയിലേക്ക് കൂപ്പുകുത്തിയ കമ്പനി, രക്ഷപ്പെടാനായി സഹോദരന്‍ മുകേഷ് അംബാനിയുടെ ജിയോക്ക് പല ഉപകരണങ്ങളും മറ്റും കൈമാറി രക്ഷപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. 18 മാസം കഴിഞ്ഞിട്ടും ഒരു തരത്തിലും ലാഭമുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് കമ്പനി പാപ്പര്‍ നടപടികളിലേക്ക് കടക്കാന്‍ തീരുമാനിക്കുകയാണെന്നാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ടെലികോം രംഗത്ത് നിന്ന് പൂര്‍ണമായും പിന്‍മാറാനും റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചിരുന്നു. 2017 ജൂണ്‍ 2-നാണ് ടെലികോം രംഗത്ത് വലിയ കടക്കെണിയിലായതിനെത്തുടര്‍ന്ന് പതിയെ പല പ്രോജക്ടുകളും അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.