ആളിപ്പടരുന്ന തീയില്‍ നിന്നും കുഞ്ഞങ്ങളെ രക്ഷിച്ച ഗര്‍ഭിണിയായ യുവതി അഗ്നിക്കിരയായി
27 കാരിയായ ഫാത്തിമയാണ് എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നതിനെത്തുടര്‍ന്ന് മരിച്ചത്. എന്നാല്‍ മരിക്കുന്നതിനു മുന്‍പ് തന്റെ നാല് കുഞ്ഞുങ്ങളെ സുരക്ഷിത കരങ്ങളിലെത്തിച്ചതിന് ശേഷമാണ് എട്ടുമാസം ഗര്‍ഭിണിയായ അവര്‍ മരണത്തിനു കീഴടങ്ങിയത്. ഗാസിയാബാദിലാണ് സംഭവം. ഫാത്തിമയും നാല് കുട്ടികളും കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കുടുങ്ങുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം നടന്നത്. സംഭവം നടക്കുമ്പോള്‍ ഫാത്തിമയുടെ ഭര്‍ത്താവും സഹോദരന്മാരും താഴത്തെ നിലയിലായിരുന്നു. തീ വളരെ വേഗം മുകളിലേക്ക് പടര്‍ന്നുപിടിച്ചു. സമീപവാസികള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും മുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
ഇതിനിടെ ഓരോ കുട്ടികളേയും ബാല്‍ക്കണിയിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഫാത്തിമ. രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്ക് നാല് കുട്ടികളേയും എത്തിച്ചതിന് പിന്നാലെ തീ പടര്‍ന്നു കയറി. തുടര്‍ന്ന് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയും ചെയ്തു.
ഒന്‍പതും ഏഴും വയസ് പ്രായമുള്ള കുട്ടികളെയാണ് ഫാത്തിമ ആദ്യം പുറത്തെത്തിച്ചത്. തുടര്‍ന്ന് ചെറിയ രണ്ട് പെണ്‍കുട്ടികളെ രക്ഷാപ്രവര്‍ത്തകരുടെ കൈകളിലെത്തിച്ചു. ഇവര്‍ക്ക് നിസാര പരിക്കുകളുണ്ട്.