യൂണിയന്‍ ഭരണം തുടങ്ങി ; കെ.എസ്.ആര്‍.ടി.സിയില്‍ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞു
ടോമിന്‍ തച്ചങ്കരിയെ എം ഡി സ്ഥാനത്ത് നിന്നും മാറ്റിയതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞു. മിക്കയിടങ്ങളിലും സര്‍വീസുകള്‍ മുടങ്ങി. ദീര്‍ഘ ദൂര സര്‍വീസുകള്‍ വൈകി. ശനിയാഴ്ച രാവിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരനെ ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും സര്‍വീസ് വൈകുകയും മുടങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
സ്വകാര്യ ബസുകള്‍ക്ക് വേണ്ടി വിട്ടു വീഴ്ച ചെയ്യുന്നതു മുതല്‍ ഡ്യൂട്ടി ക്രമീകരിച്ച് ഇടക്കുള്ള ദിവസങ്ങളില്‍ മറ്റ് ജോലികള്‍ക്ക് പോകുന്നത് വരെയുള്ള കാര്യങ്ങളില്‍ തച്ചങ്കരിയുടെ നിര്‍ദേശ പ്രകാരം പിടിവീണിരുന്നു. അതുപോലെ എം.ഡി. സ്ഥാനത്തു നിന്നും ടോമിന്‍ തച്ചങ്കരി മാറിയെങ്കിലും ഇദ്ദേഹം ഇറക്കിയ ഉത്തരവുകള്‍ ഇപ്പോഴും നിലവിലുണ്ട്. സംഘടിതമായി ഈ തീരുമാനങ്ങള്‍ അട്ടിമറിക്കാനാണ് യൂണിയനുകളുടെ തീരുമാനം.
എം.ഡി. മാറിയതോടെ ഡിപ്പോ ഭരണം മുമ്പത്തെപോലെ കൈയടക്കാന്‍ യൂണിയനുകള്‍ ശ്രമം തുടങ്ങി. മാനേജ്മെന്റ് പൊടുന്നനെ നിഷ്‌ക്രിയമായതും യൂണിയനുകള്‍ക്ക് ഊര്‍ജം പകരുന്നു. ഡിപ്പോകളിലെ ഡ്യൂട്ടികള്‍ പഴയപടി സീനിയോറിറ്റി അടിസ്ഥാനത്തില്‍ വീതം വയ്ക്കാനാണ് നീക്കം. യൂണിയന്‍നേതാക്കള്‍ക്ക് സൗകര്യപ്രദമായ ഡ്യൂട്ടി തിരഞ്ഞെടുക്കാന്‍ ഇതുവഴി കഴിയും.