കമ്മീഷണറെ ചോദ്യം ചെയ്യാന്‍ എത്തിയ സിബിഐ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കണ്ടു സംസാരിക്കാന്‍ എത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞുവെന്നാണ് പുറത്തു വരുന്ന വിവരം. ആദ്യമെത്തിയ അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് ഉദ്യോഗസ്ഥര്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അറിയിച്ചു.

ഇതിന് പിന്നാലെ പത്തോളം സിബിഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. പൊലീസ് കസ്റ്റഡിയില്‍ ഉള്ളവരില്‍ സിബിഐ ജോയിന്റ കമ്മീഷണറും ഉണ്ടെന്നാണ് സൂചന.

സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ഔദ്യോഗിക വസതിയിലേക്ക് അറസ്റ്റിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തി. പിന്നാലെ കൊല്‍ക്കത്ത മേയറും മന്ത്രിമാരുമടക്കം ഉന്നതരും എത്തി. ഇവര്‍ അകത്ത് യോഗം ചേരുന്നതായാണ് വിവരം. ബംഗാള്‍ ഡിജിപിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മോദിസര്‍ക്കാരിനും മമതാ സര്‍ക്കാരിനുമിടയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കടുത്ത യുദ്ധമാണ് നടക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതി പോലും മമതാ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് സിബിഐ റെയ്ഡും അറസ്റ്റും നടന്നിരിക്കുന്നത്.

സിബിഐ ജോയിന്റെ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയുടെ വീട് പൊലീസ് വളഞ്ഞതായും ഇപ്പോള്‍ വിവരം ലഭിക്കുന്നുണ്ട്. ജോയിന്റ ഡയറക്ടറെ അറസ്റ്റ് ചെയ്യുന്നത് അര്‍ധസൈനികരെ രംഗത്തിറക്കി തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാല്‍ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കും ഭരണഘടനാ പ്രതിസന്ധിയിലേക്കുമാവും ബംഗാള്‍ ചെന്നു വീഴുക.