നടി ഭാനുപ്രിയയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി ; മനുഷ്യക്കടത്തെന്ന് സംശയം
പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ നടി ഭാനുപ്രിയയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൂന്ന് പെണ്‍കുട്ടികളെ കൂടി കണ്ടെത്തി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. തങ്ങളും പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി സമിതി വെളിപ്പെടുത്തി.
ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് വിഷയത്തില്‍ എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നും അച്യുത റാവോ സംശയമുന്നയിക്കുന്നു.
എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു. നേരത്തെ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയിൽ താരത്തിനെതിരെ കേസെടുത്തിരുന്നു.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയ്ക്ക് പറഞ്ഞുറപ്പിച്ച ശമ്പളവും നടി നല്‍കിയില്ല എന്നും ഇവര്‍ ആരോപിക്കുന്നു.
മാസം 10,000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പതിനെട്ട് മാസമായി പെണ്‍കുട്ടിക്ക് ഇവര്‍ തുക നല്‍കിയിരുന്നില്ലെന്നും കുറച്ചു മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരവും പെണ്‍കുട്ടിക്ക് നിഷേധിച്ചതായും പ്രഭാവതി പരാതിയില്‍ പറയുന്നു.
എന്നാല്‍ ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചുവെന്നും പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തനിക്കെതിരെ പെണ്‍കുട്ടിയും അമ്മയും വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നും താരം നല്‍കിയ പരാതിയില്‍ പറയുന്നു.