കീഴാറ്റൂര്‍ ബൈപ്പാസ് സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറുന്നു
കീഴാറ്റൂരിവെ ബൈപ്പാസിനെതിരെ നടന്നുവരുന്ന സമരത്തില്‍ നിന്ന് വയല്‍കിളികള്‍ പിന്മാറുന്നു. ഭൂമി എറ്റെടുക്കാന്‍ സമരക്കാരില്‍ പലരും ഭൂമിയുടെ രേഖകള്‍ അധികൃതര്‍ക്ക് കൈമാറി. സമരത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന സുരേഷിന്റെ അമ്മയും ഭാര്യയും അടക്കമുള്ളവര്‍ രേഖകള്‍ കൈമാറിയിട്ടുണ്ട്.
സമരം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമരക്കാര്‍ സമ്മത പത്രം കൈമാറിയത്.
മുമ്പ് തന്നെ പലരും സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ബൈപ്പാസ് നിര്‍മ്മാണത്തിനായി വളരെ കുറച്ച് ഭൂമിയാണ് ഇനി സര്‍ക്കാറിന് ഏറ്റെടുക്കാനുള്ളത്. ഇത് നിയമപരമായി സര്‍ക്കാറിന് എളുപ്പത്തില്‍ ഏറ്റെടുക്കാം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പിന്മാറ്റം എന്നാണ് സൂചന. അതുപോലെ ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരമുഖത്ത് നിന്നും വയല്‍ക്കിളികള്‍ പിന്മാറുന്നത്.
തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാത 45 മീറ്ററാക്കി വീതി കുടൂമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും മറ്റു പ്രശ്‌നങ്ങളും ഒഴിവാക്കാനായാണ് ബൈപ്പാസ് റോഡിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിച്ചത്. തുടര്‍ന്ന് നടത്തിയ പഠനങ്ങള്‍ക്കും സര്‍വ്വേക്കും ഒടുവില്‍ കുപ്പം-കീഴാറ്റൂര്‍-കൂവോട്-കുറ്റിക്കോല്‍ വഴി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറായി.
എന്നാല്‍ ഈ പാത വഴി ബൈപ്പാസ് നിര്‍മ്മിച്ചാല്‍ നൂറോളം വീടുകള്‍ പൊളിക്കേണ്ടി വരുമെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പാതയുടെ അലൈന്‍മെന്റ് കീഴാറ്റൂരിലെ വയല്‍ വഴി പുനര്‍നിര്‍ണയിച്ചു. പുതിയ പാതയിലൂടെ ബൈപ്പാസ് വന്നാല്‍ മുപ്പതോളം വീടുകള്‍ മാത്രം പൊളിച്ചാല്‍ മതിയെന്നായിരുന്നു ഇതിനുള്ള പ്രധാനകാരണം. എന്നാല്‍ ബൈപ്പാസ് പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോയതോടെ കീഴാറ്റൂര്‍ കേന്ദ്രീകരിച്ച് ബൈപ്പാസിനെതിരെ സമരം ആരംഭിച്ചു.
വീടുകള്‍ നഷ്ടപ്പെടുന്നതിലുപരി ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിക്കുന്ന രീതിയിലുള്ള ദേശീയപാത നിര്‍മ്മാണത്തിനെതിരേ ഗ്രാമവാസികള്‍ രംഗത്തുവന്നു. തികഞ്ഞ പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ഉയര്‍ന്ന ഈ പരിസ്ഥിതി പ്രക്ഷോഭത്തെ ആദ്യഘട്ടത്തില്‍ പിന്തുണച്ച ഭരണകക്ഷിയായ സിപിഎം പിന്നീട് സര്‍ക്കാര്‍ നിലപാടിനൊപ്പം മാറി. പിന്നീട് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നേരിട്ട് നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ സമരക്കാരില്‍ ഒരു വിഭാഗം ബൈപ്പാസിന് അനുകൂലമായ നിലപാട് സ്വീകരിച്ചു.
എന്നാല്‍ സിപിഎം പ്രവര്‍ത്തകനായിരുന്ന സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രദേശവാസികള്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരം ശക്തമാക്കി. സര്‍വേ നടപടികളും സ്ഥലമേറ്റെടുക്കാനുള്ള മറ്റു നീക്കങ്ങളും വയല്‍ക്കിളികള്‍ ശക്തമായി പ്രതിരോധിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ഇതിനോടകം തന്നെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും മറ്റു സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു. വിഷയത്തില്‍ സജീവമായി ഇടപെട്ട ബിജെപി സുരേഷ് കീഴാറ്റൂരുമായി ദില്ലിയിലെത്തുകയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്തു.
ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂര്‍ നിവേദനം മന്ത്രിക്ക് നല്‍കിയെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കീഴാറ്റൂരിലൂടെയള്ള ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നു. സമരത്തെ ആദ്യഘട്ടത്തില്‍ ശക്തമായി പിന്തുണച്ച യുഡിഎഫും ബിജെപിയും പിന്നീട് പിന്‍വലിഞ്ഞിരുന്നു. ബഹുജനസംഘടനകളുടെ പിന്തുണ കുറഞ്ഞതോടെ സമരം വാര്‍ത്തകളിലൊതുങ്ങി. ഇപ്പോള്‍ ഭൂമിയും കൈമാറി നിയമപോരാട്ടം എന്ന നയത്തിലേക്ക് മാറുകയാണ് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സമരത്തിന്റെ മുന്നണിപോരാളികളായ വയല്‍ക്കിളികള്‍.